Connect with us

KERALA

അരിക്കൊമ്പന്‍ മേദകാനം ഭാഗത്ത്. റേഡിയോ കോളറിൽ നിന്ന് ദൃശ്യങ്ങൾ ലഭിച്ച് തുടങ്ങി

Published

on

ഇടുക്കി:പെരിയാര്‍ കടുവ സങ്കേതത്തിലെ വനമേഖലയില്‍ ചുറ്റിത്തിരിയുകയാണ് അരിക്കൊമ്പന്‍. ഇന്നലെ രാത്രി ലഭിച്ച സിഗ്നല്‍ പ്രകാരം മേദകാനം ഭാഗത്താണുണ്ടായിരുന്നത്.11 സ്ഥലങ്ങളിൽ അരിക്കൊമ്പൻ കറങ്ങുന്ന ദൃശ്യങ്ങളാണ് ലഭിച്ചത്.

ഇറക്കി വിട്ട സ്ഥലത്തുനിന്നും മൂന്ന് കിലോമീറ്റ‌ര്‍ ദൂരത്തിനുള്ളില്‍ അരിക്കൊമ്പന്‍ ഉണ്ടെന്നാണ് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നത്. തുമ്പിക്കൈയിലെ മുറിവിനുള്ള മരുന്ന് നല്‍കിയിരുന്നു. ഇന്ന് മുതല്‍ ആന പൂര്‍ണമായും മയക്കത്തില്‍ നിന്ന് ഉണരുമെന്നാണ് വനം വകുപ്പിന്‍റെ കണക്കൂകൂട്ടല്‍. അതേസമയം,അരിക്കൊമ്പന്‍ ജനവാസ മഖലയിലേക്ക് കടക്കില്ലെന്നാണ് വനംവകുപ്പ് പറയുന്നത്.

അരിക്കൊമ്പന്‍ ദൗത്യം വിജയകരമായി പൂര്‍ത്തിയാക്കിയതിനെ കുറിച്ച്‌ വിശദീകരിച്ച്‌ ദൗത്യ സംഘാംഗങ്ങളായ ഡോ. അരുണ്‍ സക്കറിയയും സിസിഎഫ് ആര്‍ എസ് അരുണും സംസാരിച്ചിരുന്നു. പെരിയാര്‍ കടുവാ സങ്കേതത്തിലെ ഉള്‍ക്കാട്ടില്‍ വിട്ട അരിക്കൊമ്പനെ റേഡിയോ കോളര്‍ വഴി നിരീക്ഷിച്ചുവരികയാണെന്നും ചെറിയ പരിക്കുകള്‍ സാരമുള്ളതല്ലെന്നും ഡോ. അരുണ്‍ സക്കറിയ വിശദീകരിച്ചു.

റേഡിയോ കോളര്‍ വഴി ശക്തമായ നിരീക്ഷണം തുടരും. പുതിയ സ്ഥലവുമായി പൊരുത്തപ്പെടാന്‍ ആനയ്ക്ക് സമയം എടുക്കും. ഇനി ജനവാസ മേഖലയില്‍ ഇറങ്ങില്ലെന്നാണ് കരുതുന്നത്. അഞ്ചു മയക്കുവെടി വെച്ചത് ആരോഗ്യത്തെ ബാധിക്കില്ല. ശരീരത്തിലുള്ള മുറിവുകള്‍ക്ക് ചികിത്സ നല്‍കിയിട്ടുണ്ട്. അരിക്കൊമ്പനെ പുതിയ സ്ഥലത്തേക്ക് മാറ്റുമ്പോള്‍ കുമളിയില്‍ ഉള്‍പ്പെടെ എല്ലായിടത്തും ലഭിച്ച സ്വീകരണം വലിയൊരു മാതൃകയാണ്.

വിവിധ വകുപ്പുകളുടെ ടീം വര്‍ക്കാണ് ദൗത്യം വിജയത്തിലേക്കെത്തിച്ചതെന്നും സിസിഎഫ് ആര്‍ എസ് അരുണ്‍ വിശദീകരിച്ചു. നാട്ടുകാരും ആരോഗ്യവകുപ്പും വനം വകുപ്പും കെഎസ് ഇബിയും അടക്കം ചേര്‍ന്നുള്ള ടീം വര്‍ക്കാണ് വിജയത്തിലേക്ക് എത്തിച്ചത്. നാട്ടുകാരുടെ സഹകരണം എടുത്തുപറയേണ്ടതായിരുന്നുവെന്നും സിസിഎഫ് ആര്‍ എസ് അരുണ്‍ വിശദീകരിച്ചിരുന്നു.

Continue Reading