Connect with us

KERALA

ബോട്ടപകടത്തിൽ ഒരു വീട്ടിലെ പതിനൊന്നു പേർ ഒരു ദിവസം കൊണ്ട് ഇല്ലാതായി

Published

on

താനൂർ: താന്നൂർ ബോട്ടപകടത്തിൽ ഒരു വീട്ടിലെ പതിനൊന്നു പേർ ഒരു ദിവസം കൊണ്ട് ഇല്ലാതായി. അതും സഹോദരങ്ങളായ മൂന്നുപേരുടെ ഭാര്യമാരും നാല് കുട്ടികളും.
പെരുന്നാൾ അവധിയിൽ എല്ലാവരും ഒത്തുചേർന്നതായിരുന്നു ആ കുഞ്ഞു വീട്ടിൽ. കുടുംബനാഥൻ കുന്നുമ്മൽ സൈതലവിയും സഹോദരങ്ങളായ കുന്നുമ്മൽ ജാബിർ, കുന്നുമ്മൽ സിറാജ് എന്നിവരുടെ ഭാര്യമാരും കുട്ടികളും സഹോദരിയും അടങ്ങുന്നവരായിരുന്നു കുടുംബ വീട്ടിൽ ഒത്തു ചേർന്നത്. ഞായറാഴ്ച അവധി ദിവസമായതു കൊണ്ട് തന്നെ കുട്ടികളുടെ നിർബന്ധപ്രകാരമാണ് തൂവൽത്തീരം സഞ്ചരിക്കാൻ തീരുമാനിക്കുന്നത്.

മടങ്ങിപ്പോകുന്നതിന് മുമ്പ് എല്ലാവരും ഒത്തു ചേരണം, സന്തോഷം പങ്കുവെക്കണം. കുട്ടികളുടെ ആഗ്രഹത്തിന് മുമ്പിൽ സൈതലവിയ്ക്ക് മറുത്തൊന്നും പറയാൻ സാധിച്ചിരുന്നില്ല. എന്നാൽ വീട്ടിൽ നിന്ന് ഇറങ്ങുമ്പോൾ തന്നെ സൈതലവി കുട്ടികളോടും ഭാര്യമാരോടും നിർബന്ധപൂർവ്വം പറഞ്ഞിരുന്നു, ഒരു കാരണവശാലും ബോട്ടിൽ കയറരുത് എന്ന്. സൈതലവി തന്നെയായിരുന്നു ഇവരെ എല്ലാവരേയും കട്ടാങ്ങലിൽ എത്തിച്ചത്.

എന്നാൽ തിരിച്ച് വീട്ടിലെത്തി കുറച്ചുനേരം കഴിഞ്ഞ ശേഷം സൈതലവി ഭാര്യയ്ക്ക് ഫോൺ ചെയ്തപ്പോൾ അപ്പുറത്ത് നിന്ന് നിലവിളികളായിരുന്നു, ബോട്ട് മുങ്ങിക്കൊണ്ടിരിക്കുകയാണെന്ന് ഭാര്യ നിലവിളിയോടെ അറിയിച്ചപ്പോൾ എന്ത് ചെയ്യണമെന്നറിയാതെ തരിച്ചു നിൽക്കാനെ സൈതലവിക്കായുള്ളൂ. പിന്നിട് അവിടെ കണ്ട ആളുകളേയും കൂട്ടി നിമിഷനേരം കൊണ്ട് സംഭവ സ്ഥലത്തേക്ക് കുതിക്കുകയായിരുന്നു. എന്താണ് സംഭവിക്കുന്നതെന്നറിയാതെ ഓടിച്ചെന്ന് എത്തിയപ്പോഴേക്കും സൈതലവി കാണുന്ന കാഴ്ച, ഇത്രയും കാലം കൂടെ ഉണ്ടായിരുന്ന മകളുടെ മൃതദേഹം വെള്ളത്തിൽ നിന്ന് പുറത്തേക്കെടുക്കുന്നതായിരുന്നു. കണ്ടു നിൽക്കുന്നവരെ ആകെ കണ്ണീരിലാഴ്ത്തുന്ന രംഗമായിരുന്നു അത്.

തീരത്തു നിന്ന് കാഴ്ചയിൽ ദൂരത്തായിരുന്നു ബോട്ട് എന്നതുകൊണ്ടും രാത്രിയായിരുന്നു എന്നതിനാലും രക്ഷാപ്രവർത്തനത്തിന് വിലങ്ങുതടിയായി. ചെറുബോട്ടുകളിലായെത്തിയാണ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകുന്നത് തന്നെ.

അപകടത്തിൽ കുന്നുമ്മൽ ജാബിറിന്റെ ഭാര്യയും (ജൽസിയ) മകനും (ജരീർ), കുന്നുമ്മൽ സിറാജിന്റെ മൂന്നുമക്കളും (നൈറ, റുഷ്ദ, സഹറ) ഭാര്യയും, സൈലവിയുടെ ഭാര്യ (സീനത്ത്) നാല് മക്കളും (ഷംന, ഹസ്ന, സഫ്ന) എന്നിവരാണ് മരിച്ചത്. പത്ത് മാസം മാത്രം പ്രായമുള്ള സിറാജിന്റെ കുഞ്ഞും മരിച്ചു ഇനി ആ കുടുംബത്തിൽ അവശേഷിക്കുന്നത് മാതാവും മൂന്ന് ആൺമക്കളും പിന്നെ പരിക്കേറ്റ സഹോദരിയം മക്കളും അടക്കം എട്ട് പേർ മാത്രം.

Continue Reading