Crime
അമിത് ഷായ്ക്കെതിരേ സുപ്രീം കോടതിയുടെ വിമർശനം. മുസ്ലിംങ്ങൾക്ക് കർണാടകത്തിൽ നൽകിയിരുന്ന നാല് ശതമാനം സംവരണം അവസാനിപ്പിച്ചുവെന്നു പ്രസ്താവനയാണ് വിവാദമായത്

ന്യൂഡൽഹി: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കെതിരേ സുപ്രീം കോടതിയുടെ വിമർശനം. മതാടിസ്ഥാനത്തിൽ സംവരണം നൽകുന്നത് ഭരണഘടനാ വിരുദ്ധമാണെന്നും അതിനാൽ മുസ്ലിങ്ങൾക്ക് കർണാടകത്തിൽ നൽകിയിരുന്ന നാല് ശതമാനം സംവരണം അവസാനിപ്പിച്ചുവെന്നും തിരഞ്ഞെടുപ്പ് റാലിയിൽ പ്രസംഗിച്ചതിനാണ് കോടതി അമിത് ഷായെ വിമർശിച്ചത്.
കർണാടക സർക്കാർ ആവശ്യപ്പെട്ടതിനെ തുടർന്ന് മുസ്ലിം സംവരണം റദ്ദാക്കിയതിനെതിരായ ഹർജി പരിഗണിക്കുന്നത് സുപ്രീം കോടതി ജൂലൈയിലേക്ക് മാറ്റി.
കർണാടകത്തിലെ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് സംസ്ഥാനത്തെ മുസ്ലിം സംവരണം റദ്ദാക്കിയതിനെ അമിത് ഷാ ന്യായീകരിച്ചത്. മതാടിസ്ഥാനത്തിലുള്ള സംവരണം ഭരണഘടനാ വിരുദ്ധമാണെന്നും അതിനാലാണ് മുസ്ലിം സംവരണം അവസാനിപ്പിച്ചതെന്നും ആയിരുന്നു അമിത് ഷായുടെ പ്രതികരണം. ഇതിന് പുറമെ കോൺഗ്രസ് അധികാരത്തിൽ വന്നാൽ മുസ്ലിം സംവരണം പുനഃസ്ഥാപിക്കുമെന്നും അമിത് ഷാ പ്രസംഗിച്ചിരുന്നു. കോടതിയുടെ പരിഗണനയിലിരിക്കുന്ന വിഷയത്തിൽ അമിത് ഷാ പ്രസ്താവന നടത്തിയത് കോടതിയലക്ഷ്യമാണെന്ന് ഹർജിക്കാർക്ക് വേണ്ടി ഹാജരായ ദുഷ്യന്ത് ദാവെ വാദിച്ചു. തുടർന്നാണ് അമിത് ഷായെ ബഞ്ച് വിമർശിച്ചത്.
ജസ്റ്റിസുമാരായ കെ.എം. ജോസഫ്, ബി.വി. നാഗരത്ന എന്നിവരടങ്ങിയ ബഞ്ചാണ് കോടതിയുടെ പരിഗണനയിലിരിക്കുന്ന വിഷയത്തിൽ പ്രതികരണം നടത്തിയ അമിത് ഷായുടെ നടപടിയെ വിമർശിച്ചത്.
കോടതി പരിഗണിക്കുന്ന വിഷയത്തിൽ പൊതുപ്രവർത്തകർ പ്രസ്താവന നടത്തുന്നത് അനുചിതമാണെന്ന് ബഞ്ചിലെ അംഗമായ ജസ്റ്റിസ് ബി.വി. നാഗരത്ന ചൂണ്ടിക്കാട്ടി. 1971-ൽ കോടതി പരിഗണിച്ചിരുന്ന വിഷയത്തിൽ വാർത്താസമ്മേളനം നടത്തി പ്രതികരിച്ച ബംഗാൾ മുഖ്യമന്ത്രിക്കെതിരെ കോടതിയലക്ഷ്യ നടപടി സ്വീകരിച്ച കാര്യം ജസ്റ്റിസ് കെ.എം. ജോസഫ് ചൂണ്ടിക്കാട്ടി. എന്നാൽ, മതാടിസ്ഥാനത്തിലുള്ള സംവരണത്തിനെതിരായ നിലപാട് മാത്രമാണ് അമിത് ഷാ പ്രകടിപ്പിച്ചത് എന്നായിരുന്നു സോളിസിസ്റ്റർ ജനറൽ തുഷാർ മേത്തയുടെ പ്രതികരണം.
കർണാടകത്തിലെ മുസ്ലിം സംവരണം റദ്ദാക്കിയ ഉത്തരവിനെതിരായ ഹർജികൾ ജൂലൈ 25-ന് മാത്രമേ ഇനി സുപ്രീം കോടതിയുടെ പരിഗണനയ്ക്ക് വരുകയുള്ളു. ജസ്റ്റിസ് കെ.എം. ജോസഫ് അതിനു മുമ്പ് വിരമിക്കുമെന്നതിനാൽ ഹർജി പുതിയ ബഞ്ചിന്റെ പരിഗണനയിലാകും വരിക. അതുവരെ സർക്കാർ പുറത്തിറക്കിയ ഉത്തരവ് നടപ്പാക്കില്ലെന്ന് സംസ്ഥാന സർക്കാർ സുപ്രീം കോടതിക്ക് ഉറപ്പ് നൽകിയിട്ടുണ്ട്.