HEALTH
മെഡിക്കൽ സർവീസ് കോർപ്പറേഷന്റെ കൊല്ലത്തെ മരുന്ന് സംഭരണ കേന്ദ്രം കത്തി .10 കോടിയുടെ മരുന്നുകൾ നശിച്ചു

കൊല്ലം: കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷന്റെ ആശ്രാമം ഉളിയക്കോവിലിൽ ദേവീ ക്ഷേത്രത്തിന് സമീപമുള്ള ജില്ലാ മരുന്ന് സംഭരണശാല പൂർണമായും കത്തിയമർന്നു. സംഭരണശാലയിലുണ്ടായിരുന്ന മരുന്നുകൾക്കും മെഡിക്കൽ ഉപകരണങ്ങൾക്കും പുറമേ കോമ്പൗണ്ടിൽ പാർക്ക് ചെയ്തിരുന്ന ഒരു കാറും രണ്ട് ഇരുചക്രവാഹനങ്ങളും കത്തിനശിച്ചു.
ഇന്നലെ രാത്രി 8.45ഓടെയാണ് സംഭവം. പരസ്പരം ബന്ധിപ്പിച്ചിട്ടുള്ള ഷീറ്റ് മേഞ്ഞ മൂന്ന് കെട്ടിടങ്ങളിൽ ഇടത് വശത്തേതിലാണ് ആദ്യം തീപിടിച്ചത്. സംഭരണശാലയിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന സെക്യൂരിറ്റി ജീവനക്കാരനാണ് അഗ്നിബാധ ആദ്യം കണ്ടത്. അദ്ദേഹത്തിന്റെ ബഹളം കെട്ട് പരിസരവാസികൾ ഓടിയെത്തുമ്പോഴേക്കും കെട്ടിടങ്ങളിലേക്കു മുഴുവൻ തീ പടരുകയായിരുന്നു. കെട്ടിടത്തിന്റെ മേൽക്കൂര പൂർണമായും നിലംപതിച്ചു. മരുന്നിന് പുറമേ അവ സൂക്ഷിച്ചിരുന്ന റാക്കുകളും കമ്പ്യൂട്ടറുകൾ അടക്കമുള്ള ഓഫീസ് ഉപകരണങ്ങളും കത്തിച്ചാമ്പലായി.അടുത്തുള്ള വീടുകളിലേക്ക് പെട്ടെന്ന് തീ ആളിപ്പടർന്നതിനാൽ പ്രദേശവാസികൾക്ക് ആദ്യഘട്ടത്തിൽ കാര്യമായി തീ കെടുത്താനായില്ല. ഫയർഫോഴ്സ് എത്തിയാണ് രക്ഷാപ്രവർത്തനം ആരംഭിച്ചത്. ഫയർഫോഴ്സ് സംഭരണശാലയോട് ചേർന്നുള്ള വീടിന്റെ ഭാഗത്തെ തീ ആദ്യം കെടുത്തിയതിനാൽ വീടിന് കേടുപാട് ഉണ്ടായില്ല. കടപ്പാക്കട, ചാമക്കട, കുണ്ടറ, ചവറ എന്നിവിടങ്ങളിൽ നിന്നായി 15 യൂണിറ്റ് ഫയർഫോഴ്സെത്തി. പുലർച്ചെ ഒരു മണിയോടെയാണ് അഗ്നിബാധ പൂർണമായും നിയന്ത്രണ വിധേയമാക്കിയത്. വൻ പൊലീസ് സന്നാഹവും സ്ഥലത്തെത്തിയിരുന്നു. അഗ്നിബാധയുടെ കാരണം വ്യക്തമായിട്ടില്ല. ഇടിമിന്നലോ, ഷോർട്ട് സർക്യൂട്ടോ ആകാം അഗ്നിബാധയിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം. തീ പെട്ടെന്ന് നിയന്ത്രണ വിധേയമാകില്ലെന്ന ആശങ്ക പടർന്നതിനെ തുടർന്ന് എം.ജി കോളനിയിലെയും പരിസരത്തെയും 75 കുടുംബങ്ങളെ പ്രദേശത്ത് നിന്ന് ഒഴിപ്പിച്ചു.
വിവിധ വാക്സിനുകളടക്കം സംഭരണശാലയിൽ സൂക്ഷിച്ചിരുന്ന ഏകദേശം പത്ത് കോടിയുടെ മരുന്ന് കത്തിനശിച്ചുവെന്നാണ് പ്രാഥമിക വിവരം. ഇതോടെ ജില്ലയിലെ മരുന്ന് വിതരണം സ്തംഭിച്ചു. പാരിപ്പള്ളി മെഡിക്കൽ കോളേജ്, ജില്ലാ ആശുപത്രി, താലൂക്ക് ആശുപത്രികൾ, പ്രാഥമിക, കുടുംബാരോഗ്യ കേന്ദ്രങ്ങളടക്കം ജില്ലയിലെ എല്ലാ സർക്കാർ ആശുപത്രികളിലേക്കും മരുന്ന് ഇവിടെ നിന്നാണ് വിതരണം ചെയ്യുന്നത്. വലിയ അളവിൽ മരുന്ന് നശിച്ചിട്ടുണ്ടെങ്കിലും ജില്ലയിലെ മരുന്ന് വിതരണത്തെ ബാധിക്കാത്ത തരത്തിൽ പകരം സംവിധാനം ഏർപ്പെടുത്തുമെന്ന് കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷൻ അധികൃതർ അറിയിച്ചു.15 ഓളം പേർ ആശുപത്രിയിൽഅഗ്നിബാധയെ തുടർന്നുണ്ടായ വിഷവാതകം ശ്വസിച്ച് എം.ജി കോളനിയിലും പരിസരത്തുമുള്ള കുട്ടികളും മുതിർന്നവരുമടക്കം 15 ഓളം പേരെ ജില്ലാ ആശുപത്രിയിൽ പ്രവേശിച്ചു. ഇവർക്ക് കാര്യമായ ആരോഗ്യ പ്രശ്നങ്ങളില്ല.