NATIONAL
കോണ്‍ഗ്രസ് എം.പി. സുരേഷ് ധനോര്‍ക്കര്‍ അന്തരിച്ചു

മുംബൈ: മഹാരാഷ്ട്രയില്‍നിന്നുള്ള കോണ്‍ഗ്രസ് എം.പി. സുരേഷ് ധനോര്‍ക്കര്‍ (48)അന്തരിച്ചു. വൃക്ക സംബന്ധമായ അസുഖത്തെത്തുടര്‍ന്ന് ഡല്‍ഹിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കേയാണ് അന്ത്യം സംഭവിച്ചത്. ചന്ദ്രാപുര്‍ ലോക്‌സഭാ മണ്ഡലത്തില്‍നിന്നുള്ള എം.പി.യായിരുന്നു സുരേഷ് ധനോര്‍ക്കര്‍.
ഭാര്യ പ്രതിഭ ധനോര്‍ക്കര്‍ എം.എല്‍.എ.യാണ്. ഇവർക്ക് രണ്ട് മക്കളുണ്ട്.
നേരത്തേ നാഗ്പുരിലെ ആശുപത്രിയിലായിരുന്നു അദ്ദേഹത്തെ പ്രവേശിപ്പിച്ചിരുന്നത്. തുടര്‍ന്ന് കടുത്ത വയറുവേദന കൂടി അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് ഞായറാഴ്ച എയര്‍ ആംബുലന്‍സില്‍ ഡല്‍ഹിയിലെ മേദാന്ത ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. അദ്ദേഹത്തിന്റെ പിതാവ് നാരായണ്‍ ധനോര്‍ക്കര്‍ ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് മരിച്ചത്. ആശുപത്രിയിലായിരുന്നതിനാല്‍ ധനോര്‍ക്കറിന് പിതാവിന്റെ സംസ്‌കാരച്ചടങ്ങുകളില്‍ പങ്കെടുക്കാന്‍ കഴിഞ്ഞിരുന്നില്ല.
ശിവസേനയില്‍ പ്രവര്‍ത്തിച്ച് രാഷ്ട്രീയ ജീവിതമാരംഭിച്ച ധനോര്‍ക്കര്‍, 2014-ല്‍ ചന്ദ്രാപുര്‍ മണ്ഡലത്തില്‍ മത്സരിച്ച് ജയിച്ചു. പിന്നീട് കോണ്‍ഗ്രസില്‍ ചേര്‍ന്നും മത്സരിച്ച് ജയിച്ചു. ഭാര്യ പ്രതിഭ വറോറ-ഭദ്രവതി നിയമസഭാ മണ്ഡലത്തില്‍നിന്നാണ് വിജയിച്ചത്.