Connect with us

NATIONAL

പരിക്കേറ്റവരില്‍ നാല് മലയാളികൾ രക്ഷാപ്രവര്‍ത്തനം തുടരുന്നു 43 ട്രെയിനുകള്‍ റദ്ദ് ചെയ്തു

Published

on

ഭുവനേശ്വര്‍: ഒഡിഷയിലെ ബാലസോര്‍ ജില്ലയിലുണ്ടായ ട്രെയിനപകടത്തില്‍ പരിക്കേറ്റവരില്‍ നാല് മലയാളികളുണ്ട്. തൃശൂര്‍ സ്വദേശികളായ ഇവരുടെ പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം.
യശ്വന്ത്പുരില്‍ നിന്നും ഹൗറയിലേക്ക് പോവുകയായിരുന്ന സൂപ്പര്‍ ഫാസ്റ്റ് എക്സ്പ്രസ്(12864), ഷാലിമാര്‍-ചെന്നൈ കോറമണ്ഡല്‍ എക്സ്പ്രസ്(12841), ചരക്കുതീവണ്ടി എന്നിവയാണ് അപകടത്തില്‍പ്പെട്ടത്. യശ്വന്ത്പുരില്‍നിന്ന് ഹൗറയിലേക്ക് പോവുകയായിരുന്ന തീവണ്ടിയാണ് ആദ്യം പാളംതെറ്റി മറിഞ്ഞത്. തൊട്ടടുത്ത ട്രാക്കിലൂടെ വന്ന കോറമണ്ഡല്‍ എക്‌സ്പ്രസ് ഈ കോച്ചുകളിലേക്ക് വന്ന് ഇടിച്ചതോടെയാണ് അപകടം ഗുരുതരമാകുന്നത്. ഇതിലേക്ക് ഒരു ചരക്കുതീവണ്ടിയും വന്നിടിച്ചു.
കോറമണ്ഡല്‍ എക്‌സ്പ്രസിന്റെ 12 കോച്ചും യശ്വന്ത്പുര്‍-ഹൗറ തീവണ്ടിയുടെ നാലുകോച്ചും പാളം തെറ്റിയതായി റെയില്‍വേ വക്താവ് അമിതാഭ് ശര്‍മ അറിയിച്ചു. അപകടത്തില്‍ മറിഞ്ഞ കോച്ചുകള്‍ക്കുള്ളില്‍ നിരവധിപേര്‍ കുടുങ്ങിക്കിടക്കുന്നുവെന്നാണ് വിവരം. ഒഡിഷ ദുരന്തനിവാരണസേനയുടെയും ദേശീയ ദുരന്തനിവാരണസേനയുടെയും നേതൃത്വത്തിലാണ് സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്.
അപകടത്തെത്തുടര്‍ന്ന് 43 ട്രെയിനുകള്‍ റദ്ദ് ചെയ്തതായി
റെയില്‍വേ അറിയച്ചു. നിരവധി ട്രെയിനുകള്‍ ഭാഗികമായി റദ്ദ് ചെയ്തതായും ചില വണ്ടികള്‍ വഴിതിരിച്ച് വിട്ടതായും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു. നിരവധി ട്രെയിനുകള്‍ വിവിധ സ്റ്റേഷനുകളില്‍ നിര്‍ത്തിയിട്ടിരിക്കുകയാണ്. ആയിരക്കണക്കിന് യാത്രക്കാരാണ് ഈ നിരവധി സ്റ്റേഷനുകളിലായി കുടുങ്ങിക്കിടക്കുന്നത്. ചില ഇടങ്ങളിലേക്ക് സ്‌പെഷല്‍ ട്രെയിനുകള്‍ സര്‍വീസ് നടത്താനും റെയില്‍വേ ശ്രമം നടത്തുന്നുണ്ട്.
അപകടത്തില്‍പ്പെട്ട യാത്രക്കാരുടെ കുടംബാംഗങ്ങള്‍ക്ക് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് നഷ്ടപരിഹാരം പ്രഖ്യാപിച്ചു. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് പത്ത് ലക്ഷം രൂപ വീതവും ഗുരുതരമായി പരിക്കേറ്റവര്‍ക്ക് രണ്ട് ലക്ഷം രൂപയും നഷ്ടപരിഹാരം നല്‍കുമെന്ന് അദ്ദേഹം അറിയിച്ചു. നിസാര പരിക്കേറ്റ യാത്രക്കാര്‍ക്ക് 50,000 രൂപ നഷ്ടപരിഹാരം നല്‍കുമെന്നും അദ്ദേഹം ട്വിറ്ററിലൂടെ അറിയിച്ചു. അപകടത്തില്‍ രാഷ്ട്രപതി ദ്രൗപതി മുര്‍മുവും പ്രധാനമന്ത്രി നരേന്ദ്ര മോദിയും അനുശോചനം അറിയിച്ചു.
കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് അപകടം നടന്ന ബഹനാഗയിലെത്തി.  രക്ഷാപ്രവര്‍ത്തനത്തിന് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയും എല്ലാവിധ സഹായങ്ങളും വാഗ്ദാനം ചെയ്തു. മരണ സംഖ്യ 233 ആണ് . അന്വേഷണത്തിന് കേന്ദ്ര സർക്കാർ ഉത്തരവിട്ടു.

Continue Reading