NATIONAL
റെയില്‍ സേഫ്റ്റി കമ്മീഷണറുടെ നേതൃത്വത്തിലുള്ള ഉന്നതതല സംഘം അന്വേഷിക്കും

ഭുവനേശ്വര്‍: ഒഡീഷയില്‍ 233 പേര്‍ മരിക്കാനിടയായ ട്രെയിന്‍ അപകടത്തിന്റെ കാരണം സംബന്ധിച്ച് റെയില്‍ സേഫ്റ്റി കമ്മീഷണറുടെ നേതൃത്വത്തിലുള്ള ഉന്നതതല അന്വേഷണത്തിന് ശേഷം മാത്രമേ വ്യക്തമായി പറയാന്‍ കഴിയൂവെന്ന് കേന്ദ്ര റയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്. ദുരന്ത സ്ഥലം സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.രക്ഷാപ്രവര്‍ത്തനത്തിനാണ് ഇപ്പോള്‍ പ്രാമുഖ്യം നല്‍കുന്നതെന്നും പരിക്കേറ്റവര്‍ക്ക് മികച്ച ചികിത്സ ഉറപ്പുവരുത്തുമെന്നും മന്ത്രി പറഞ്ഞു.
രക്ഷാപ്രവര്‍ത്തനത്തിന് റെയില്‍വേ, എന്‍ഡിആര്‍എഫ്, എസ്.ഡി.ആര്‍.എഫ് എന്നിവര്‍ നേതൃത്വം നല്‍കുന്നതായും അദ്ദേഹം അറിയിച്ചു. പരിക്കേറ്റവര്‍ക്കും മരണപ്പെട്ടവര്‍ക്കും ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
അതിനിടെ റെയില്‍വേ ട്രാക്കിലെ പിഴവുകളാകാം അപകടത്തിനിടയാക്കിയതെന്ന സൂചനകളാണ് ചില പശ്ചിമബംഗാള്‍ മാധ്യമങ്ങള്‍ നല്‍കുന്നത്. ട്രെയിനിനോ പാളത്തിനോ സാങ്കേതിക പിഴവുകള്‍ ഉണ്ടായിരുന്നിരിക്കാന്‍ ഇടയുണ്ടെന്ന് റെയില്‍വേ ഡിവിഷണല്‍ ഓഫീസിനെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ ഇക്കാര്യം സ്ഥിരീകരിക്കാന്‍ ഔദ്യോഗിക
വൃത്തങ്ങള്‍ ഇതുവരെ തയ്യാറായിട്ടില്ല. മരണ സംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ട്. അപകടത്തെ തുടർന്ന് പല തീവണ്ടി കളും വഴി തിരിച്ച് വിട്ടിരിക്കുകയാണ്.