Crime
വ്യാജ രേഖ: വിദ്യക്കെതിരെ വീണ്ടും പരാതി.അഭിമുഖത്തിനായി സമർപ്പിച്ച രേഖ വ്യാജം

പാലക്കാട്: മഹാരാജാസ് കേളെജിന്‍റെ പേരിൽ വ്യാജരേഖയുണ്ടാക്കിയ സംഭവത്തിൽ മുൻ എസ്എഫ്ഐ നേതാവായ കെ. വിദ്യക്കെതിരെ അട്ടപ്പാടി സർക്കാർ കോളെജ് പ്രിൻസിപ്പൽ പരാതി നൽകി. ഈ മാസം 2 ന് അഭിമുഖത്തിനായി സമർപ്പിച്ച രേഖ വ്യാജമാണെന്ന് ചൂണ്ടിക്കാട്ടി പ്രിൻസിപ്പൽ ലാലിമോൾ വർഗീസാണ് പരാതി നൽകിയത്.
ഈ മാസം രണ്ടിനു പാലക്കാട് അട്ടപ്പാടി ആർജിഎം ഗവ.കോളെജിൽ ഗസ്റ്റ് ലക്ചറർ ഇന്‍റർവ്യൂവിനാണ് വിദ്യ വ്യാജരേഖ സമർപ്പിച്ചത്. രണ്ട് സർട്ടിഫിക്കറ്റുക്കളാണ് ഹാജരാക്കിയിരിക്കുന്നത്. 2018 ജൂൺ 4 മുതൽ 2019 മാർച്ച് 31 വരെയും 2020 ജൂൺ 10 മുതൽ 2021 മാർച്ച് 31 വരെയും മഹാരാജാസിലെ മലയാളം വിഭാഗത്തിൽ പഠിപ്പിച്ചിരുന്നതായി സർട്ടിഫിക്കറ്റിൽ പറയുന്നു. ഇന്‍റർവ്യൂ പാനലിൽ ഉള്ളവർക്ക് സംശയംതോന്നി കോളെജുമായി ബന്ധപ്പെട്ടപ്പോഴാണ് കള്ളം പുറത്തായത്.
അതേസമയം സംഭവത്തിൽ വിദ്യക്കെതിരെ ചാർജ് ചെയ്തിരിക്കുന്ന എഫ്ഐആർ എറണാകുളം സെൻട്രൽ പൊലീസ് സ്റ്റേഷനിൽ നിന്നും അഗളി പൊലീസ് സ്റ്റേഷനിലെക്ക് കൊണ്ടുപോയി. വ്യാജരേഖ സമർപ്പിച്ചിരിക്കുന്ന കോളെജ് അഗളി പൊലീസ് സ്റ്റേഷന്‍റെ പരിധിയിലായതിനാലാണ് ഫയൽ കൈമാറ്റം ചെയ്തത്.