Crime
ഇഡി അറസ്റ്റ് ചെയ്ത തമിഴ്നാട് മന്ത്രി വി. സെന്തിൽ ബാലാജിയുടെ ആരോഗ്യ നില ഗുരുതരം അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കണമെന്ന് ഡോക്‌ടർമാർ

ചെന്നൈ: അഴിമതി കേസിൽ ഇഡി അറസ്റ്റ് ചെയ്ത തമിഴ്നാട് വൈദ്യുതി മന്ത്രി വി. സെന്തിൽ ബാലാജിയുടെ ആരോഗ്യ നില ഗരുതരമെന്ന് ഡോക്‌ടർമാർ. നെഞ്ചു വേദനയെ തുടർന്ന് നടത്തിയ ആൻജിയോഗ്രാം പരിശോധനയിൽ ഹൃദയ ധമനിക്കളിൽ 3 ബ്ലോക്കുകൾ കണ്ടെത്തി. ഈ സാഹചര്യത്തിൽ മന്ത്രിയെ അടിയന്തര ബൈപാസ് ശസ്ത്രക്രിയയ്ക്ക് വിധേയനാക്കണമെന്നാണ് ഡോക്‌ടർമാരുടെ നിർദേശം.
ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിച്ചെന്ന കേസിൽ ചൊവ്വാഴ്ച്ച സെന്തിലിന്‍റെ വീട്ടിലും ഓഫീസിലും റെയ്ഡ് നടത്തിയിരുന്നു. തുടർന്ന് 17 മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിന് ശേഷം ഇന്ന് പുലർച്ചെയാണ് സെന്തിലിനെ ഇഡി അറസ്റ്റു ചെയ്യുന്നത്. പിന്നാലെ നെഞ്ചുവേദന അനുഭവപ്പെട്ട മന്ത്രിയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയുമായിരുന്നു.
അതേസമയം, അറസ്റ്റ് രാഷ്ട്രീയ പ്രേരിതമാണെന്ന് കാട്ടി ഡിഎംകെ പ്രവർത്തകർ പ്രതിഷേധം ശക്തമാക്കുകയാണ്. ചോദ്യം ചെയ്യൽ സമയത്ത് ഇഡി മന്ത്രിയെ ഉപദ്രവിച്ചെന്ന തരത്തിലുള്ള ആരോപണങ്ങളും ഡിഎംകെ പ്രവർത്തകർ ഉയർത്തുന്നു. ആശുപത്രിയിലെത്തിച്ചതിനു പിന്നാലെ സെന്തിൽ ബാലാജി പൊട്ടിക്കരയുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഇത് വലിയ പ്രതിഷേധങ്ങൾക്ക് വഴിവച്ചു.
ആശുപത്രിയിൽ ചികിത്സയിലിരിക്കുന്ന സെന്തിലിനെ കാണാൻ തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ നേരിട്ടെത്തിയിരുന്നു. മാത്രമല്ല കോൺഗ്രസ് പ്രതിഷേധമറിയിച്ച് രംഗത്തെത്തിയിട്ടുണ്ട്. മോദി സർക്കാർ എതിര്‍ക്കുന്നവരെ വേട്ടയാടുന്നുവെന്നാണ് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പ്രതികരിച്ചത്.