Crime
സുധാകരൻ ഹെെക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി. രാഷ്‌ട്രീയ ലക്ഷ്യങ്ങളോടെയാണ് പ്രതി ചേർത്തത്, ആരെയും വാഞ്ചിച്ചിട്ടില്ല

കൊച്ചി . : മോൻസൻ മാവുങ്കിലിന്റെ തട്ടിപ്പ് കേസിൽ പ്രതി ചേർക്കപ്പെട്ട കെ പി സി സി പ്രസിഡന്റ് കെ സുധാകരൻ ഹെെക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി. രാഷ്‌ട്രീയ ലക്ഷ്യങ്ങളോടെയാണ് തന്നെ പ്രതി ചേർത്തതെന്ന് കെ സുധാകരൻ ഹർജിയിൽ ആരോപിക്കുന്നു.അഡ്വ. മാത്യു കുഴൽനാടൻ മുഖേനയാണ് മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചിരിക്കുന്നത്.
പണം നഷ്‌ടപ്പെട്ടവരുടെ ആദ്യ പരാതിയിൽ തന്നെപ്പറ്റി ആരോപണം ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ആരെയും വാഞ്ചിച്ചിട്ടില്ലെന്നും രാഷ്‌ട്രീയ വെെരാഗ്യം തീർക്കാനും സമൂഹ മാദ്ധ്യമത്തിൽ പ്രതിഛായ തകർക്കാനും ലക്ഷ്യമിട്ടാണ് കേസിൽ പ്രതി ചേർത്തതെന്നും ജാമ്യാപേക്ഷയിൽ പറയുന്നു.
ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകാൻ സുധാകരന് ക്രെെംബ്രാഞ്ച് നോട്ടീസ് നൽകിയിരുന്നു. എന്നാൽ 23ന് മാത്രമേ ഹാജരാകാൻ കഴിയുള്ളുവെന്ന് സുധാകരൻ അറിയിച്ചു. തുടർന്ന് ക്രെെംബ്രാഞ്ച് പുതിയ നോട്ടീസ് നൽകിയിട്ടുണ്ട്. കേസിന്റെ തുടർനടപടികൾ ആലോചിക്കാൻ ക്രൈംബ്രാഞ്ച് ഇന്നലെ കൊച്ചിയിൽ യോഗം ചേർന്നിരുന്നു.യാക്കൂബ് പുരയിലും മറ്റ് അഞ്ചുപേരും നൽകിയ 10 കോടിയുടെ തട്ടിപ്പ് കേസിലാണ് സുധാകരനെ പ്രതി ചേർത്തത്. സുധാകരന്റെ സാന്നിദ്ധ്യത്തിൽ 25 ലക്ഷം രൂപ നൽകിയെന്നും ഇതിൽ 10 ലക്ഷം സുധാകരന് കൈമാറുന്നത് കണ്ടെന്നും മോൻസണിന്റെ മുൻ ഡ്രൈവർ അജിത്തും ജീവനക്കാരായ ജെയ്സണും ജോഷിയും മൊഴി നൽകിയിട്ടുണ്ട്. ആരോപണം സുധാകരൻ നിഷേധിച്ചിട്ടുണ്ടെങ്കിലും മൊഴികൾ ശക്തമാണെന്നും പണം കൈമാറിയ ദിവസം സുധാകരൻ മോൻസണിന്റെ വീട്ടിൽ ഉണ്ടായിരുന്നുവെന്നതിന് ഡിജിറ്റൽ തെളിവുകളുമുണ്ടെന്നുമാണ് ക്രൈംബ്രാഞ്ച് നിലപാട്.