NATIONAL
മത പരിവര്‍ത്തന നിരോധന നിയമം സിദ്ധരാമയ്യ സര്‍ക്കാര്‍ റദ്ദാക്കി ഹെഡ്‌ഗെവാറിനെക്കുറിച്ചുള്ള പാഠഭാഗങ്ങളും ഒഴിവാക്കാന്‍ തീരുമാനം

മത പരിവര്‍ത്തന നിരോധന നിയമം സിദ്ധരാമയ്യ സര്‍ക്കാര്‍ റദ്ദാക്കി
ഹെഡ്‌ഗെവാറിനെക്കുറിച്ചുള്ള പാഠഭാഗങ്ങളും ഒഴിവാക്കാന്‍ തീരുമാനം
ബംഗളൂരു: ബിജെപി സര്‍ക്കാര്‍ കൊണ്ടുവന്ന മത പരിവര്‍ത്തന നിരോധന നിയമം സിദ്ധരാമയ്യ സര്‍ക്കാര്‍ റദ്ദാക്കി.ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം.2022 സെപ്റ്റംബര്‍ 21-നാണ് ബൊമ്മയ് സര്‍ക്കാര്‍ മതപരിവര്‍ത്തന നിരോധന നിയമം പാസ്സാക്കിയത്.അന്ന് കോണ്‍ഗ്രസ് സഭയില്‍ നിന്ന് വാകൗട്ട് നടത്തി പ്രതിഷേധിച്ചിരുന്നു.കര്‍ണാടക മതസ്വാതന്ത്ര്യസംരക്ഷണ നിയമം 2022 ആണ് റദ്ദാക്കിയത്.
ക്രിസ്ത്യന്‍ സമൂഹം അടക്കം മതപരിവര്‍ത്തന നിരോധന നിയമത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്ത് വന്നിരുന്നു.നിര്‍ബന്ധപൂര്‍വ്വം ആരെയും മതം മാറ്റുന്നത് തടയാന്‍ ആണ് നിയമം എന്നായിരുന്നു ബിജെപി സര്‍ക്കാരിന്റെ ന്യായീകരണം.വിവാഹത്തിന് പിന്നാലെ നിര്‍ബന്ധിച്ച് മതം മാറ്റി എന്ന് പരാതിയുണ്ടെങ്കില്‍ വിവാഹം തന്നെ റദ്ദാക്കാന്‍ കോടതിക്ക് അധികാരം ഉണ്ടെന്ന് അനുശാസിക്കുന്നതായിരുന്നു നിയമം.ഇത്തരത്തില്‍ മതം മാറ്റിയെന്ന് രക്തബന്ധത്തില്‍ ഉള്ള ആര് പരാതി നല്‍കിയാലും അത് പരിഗണിക്കണമെന്നും നിയമത്തില്‍ വ്യവസ്ഥ ഉണ്ടായിരുന്നു.നിര്‍ബന്ധിച്ചു മതം മാറ്റിയെന്ന് തെളിഞ്ഞാല്‍ കര്‍ശന ശിക്ഷ വ്യവസ്ഥ ചെയ്യുന്ന നിയമം വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടാന്‍ സാധ്യത ഉണ്ടെന്ന് വിമര്‍ശനം ഉയര്‍ന്നതാണ്.
ആര്‍എസ്എസ് സ്ഥാപകനും ആദ്യ സര്‍സംഘചാലകുമായ കേശവ് ബലിറാം ഹെഡ്‌ഗെവാറിനെക്കുറിച്ചുള്ള പാഠഭാഗങ്ങളും ഒഴിവാക്കാന്‍ തീരുമാനിച്ചു.സ്‌കൂള്‍ പാഠപുസ്തകങ്ങളില്‍ ഹെഡ്‌ഗെവാറിനെക്കുറിച്ചുള്ള പാഠങ്ങള്‍ ഉള്‍പ്പെടുത്തിയത് കഴിഞ്ഞ ബിജെപി സര്‍ക്കാര്‍ ആണ്.എല്ലാ സ്‌കൂളുകളിലും കോളേജുകളിലും ഭരണഘടനയുടെ ആമുഖം വായിക്കുന്നത് നിര്‍ബന്ധമാക്കാനും ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗം തീരുമാനിച്ചു”