Connect with us

KERALA

സി.ബി.ഐയെ പടിക്ക് പുറത്താക്കണമെന്ന് സി.പി.ഐയും

Published

on


തിരുവനന്തപുരം: സിബിഐയെ കേന്ദ്ര സർക്കാർ രാഷ്ട്രീയമായി ഉപയോഗിക്കുന്നുവെന്ന സിപിഎമ്മിന്റെ ആരോപണത്തിന് ചുവട് പിടിച്ച് സിപിഐയും രംഗത്ത്. സിബിഐ അന്വേഷണത്തിന് എതിരല്ലെന്നും സംസ്ഥാന ഗവൺമെന്റിന്റെ അറിവോടുകൂടി വേണം അന്വേഷിക്കാനെന്നും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞു. ക്രിമിനൽ അന്വേഷണം സംസ്ഥാന പോലീസിന് നടത്താവുന്നതേയുള്ളൂയെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാന സർക്കാർ ആവശ്യപ്പെടുന്ന കേസുകൾ എടുക്കാതെ കേന്ദ്രത്തിന് തോന്നിയത് മാത്രം എടുക്കുന്നതിൽ വിവേചനമുണ്ട്. അത് പാടില്ല. സംസ്ഥാനത്തിന്റെ അനുമതിയോടെ മാത്രമേ ഇക്കാര്യങ്ങൾ ചെയ്യാവു എന്നാണ് പറയുന്നത്. അല്ലാതെ സിബിഐ പാടില്ല എന്നല്ലെന്നും കാനം കൂട്ടിച്ചേർത്തു.

ലൈഫ് മിഷൻ കേസിൽ വിദേശ നാണയ വിനിമയചട്ടം ലംഘിച്ചു എന്ന പേരിലാണ് അന്വേഷണം നടക്കുന്നതെന്നും അത് ലംഘിക്കപ്പെട്ടിട്ടുണ്ടോ, അന്വേഷിക്കാൻ അധികാരമുണ്ടോ എന്നതെല്ലാം ഹൈക്കോടതിയിലാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എല്ലാ അന്വേഷണവും സംസ്ഥാന സർക്കാരിന് എതിരായി വ്യാഖാനിക്കേണ്ട കാര്യമില്ലെന്നും കാനം പറഞ്ഞു.

കേന്ദ്ര ഏജൻസികൾ അന്വേഷിക്കുന്നതിന് എതിരല്ലെന്ന് പറഞ്ഞ അദ്ദേഹം എൻഐഎ കോടതി ജാമ്യം നൽകിയപ്പോൾ പറഞ്ഞ കാര്യങ്ങൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ എന്നും ചോദിച്ചു.

Continue Reading