Connect with us

International

ലോകകപ്പിന്‍റെ മത്സരക്രമം  പുറത്തുവന്നു.ഒക്റ്റോബർ അഞ്ചിന് അഹമ്മദാബാദിൽ  ഉദ്ഘാടന മത്സരം

Published

on


മുംബൈ: ഇന്ത്യ ആതിഥ്യം വഹിക്കുന്ന ഏകദിന ക്രിക്കറ്റ് ലോകകപ്പിന്‍റെ മത്സരക്രമം ഒടുവിൽ പുറത്തുവന്നു. കാത്തുകാത്തിരുന്ന് പതിവിലേറെ വൈകിയ പ്രഖ്യാപനം പുറത്തുവരുന്നത് ഉദ്ഘാടനത്തിന് കൃത്യം നൂറു ദിവസം മാത്രം ശേഷിക്കെ. കഴിഞ്ഞ രണ്ട് ലോകകപ്പുകളുടെയും മത്സരക്രമങ്ങൾ ഒരു വർഷം മുൻപേ പ്രഖ്യാപിച്ചിരുന്നതാണ്.

പ്രതീക്ഷിച്ചിരുന്നതു പോലെ ഇന്ത്യ – പാക്കിസ്ഥാൻ മത്സരവും ഫൈനലും അടക്കം സുപ്രധാന മത്സരങ്ങൾക്ക് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയം തന്നെ വേദിയാകും. അവസാന നിമിഷവും അദ്ഭുതങ്ങളൊന്നും സംഭവിക്കാതിരുന്നതിനാൽ തിരുവനന്തപുരത്തിന് മത്സരങ്ങളൊന്നും കിട്ടിയിട്ടില്ല. സന്നാഹ മത്സരത്തിന് വേദിയൊരുക്കാം എന്നതു മാത്രം ചെറിയ ആശ്വാസം.

ഒക്റ്റോബർ അഞ്ചിന് അഹമ്മദാബാദിലാണ് ഉദ്ഘാടന മത്സരം; അതിൽ കഴിഞ്ഞ തവണത്തെ ഫൈനലിസ്റ്റുകളായ ഇംഗ്ലണ്ടും ന്യൂസിലൻഡും ഏറ്റുമുട്ടും. ഇന്ത്യയുടെ ആദ്യ മത്സരം ഒക്റ്റോബർ എട്ടിന് ചെന്നൈയിൽ, ഓസ്ട്രേലിയയ്ക്കെതിരേ.

ആകെ പത്തു വേദികൾ. ഫൈനൽ നവംബർ 19ന്. മുബൈയിലും കോൽക്കത്തയിലുമായി നവംബർ 15, 16 തീയതികളിലാണ് സെമി ഫൈനൽ. ബംഗളൂരു, ചെന്നൈ, ഡൽഹി, ധർമശാല, ഹൈദരാബാദ്, ലഖ്നൗ, പൂനെ എന്നിവയാണ് മറ്റു വേദികൾ. ഇന്ത്യയ്ക്ക് ഇതിൽ ഒമ്പത് വേദികളിലും മത്സരങ്ങളുണ്ട്, പാക്കിസ്ഥാന് അഞ്ചിലും.

ടൂർണമെന്‍റിലാകെ 48 മത്സരങ്ങളാണുള്ളത്- ലീഗ് ഘട്ടത്തിൽ 45 മത്സരങ്ങളും നോക്കൗട്ട് അടിസ്ഥാനത്തിൽ മൂന്നും. 46 ദിവസം കൊണ്ട് പൂർത്തിയാകും. സെമി ഫൈനലുകൾക്കും ഫൈനലിനും ഓരോ റിസർവ് ദിനങ്ങളും മാറ്റിവച്ചിട്ടുണ്ട്.

ഇന്ത്യ സെമി ഫൈനലിലെത്തിയാൽ മുംബൈയിലായിരിക്കും കളിക്കുക. സെമിയിലെ എതിരാളിയായി പാക്കിസ്ഥാൻ വന്നാൽ മാത്രം വേദി കോൽക്കത്തയാകും.

ആകെ പത്ത് ടീമുകളാണ് ടൂർണമെന്‍റിൽ പങ്കെടുക്കുക. ലീഗ് ഘട്ടത്തിൽ എല്ലാവരും ഓരോ തവണ പരസ്പരം ഏറ്റുമുട്ടും. പോയിന്‍റ് നിലയിൽ ആദ്യ നാലു സ്ഥാനങ്ങളിലെത്തുന്നവർ സെമി ഫൈനലിലേക്ക്.

ആതിഥേയരായ ഇന്ത്യയ്ക്കും റാങ്കിങ്ങിൽ ആദ്യ എട്ടിലുള്ള മറ്റ് ഏഴു ടീമുകൾക്കും ലോകകപ്പിനു നേരിട്ടു യോഗ്യത ലഭിക്കും. മറ്റു രണ്ടു ടീമുകൾ യോഗ്യതാ റൗണ്ട് കടക്കണം. സിംബാംബ്‌വെയിൽ ഈ മത്സരങ്ങൾ പുരോഗമിക്കുകയാണിപ്പോൾ. ശ്രീലങ്ക്, വെസ്റ്റിൻഡീസ്, അയർലൻഡ്, നേപ്പാൾ, നെതർലൻഡ്സ്, ഒമാൻ, സ്കോട്ട്ലൻഡ്, യുഎസ്എ, യുഎഇ, സിംബാംബ്‌വെ എന്നീ ടീമുകൾ അവിടെ ഏറ്റുമുട്ടുന്നു.

Continue Reading