Crime
വിവാഹദിവസം വധുവിന്‍റെ പിതാവിനെ തലയ്ക്കടിച്ചു കൊലപ്പെടുത്തി

തിരുവനന്തപുരം: തിരുവനന്തപുരം കല്ലമ്പലത്ത് മകളുടെ വിവാഹ ദിവസം പിതാവ് കൊല്ലപ്പെട്ടു. വടശ്ശേരിക്കോണം വലിയവിളാകത്ത് ശ്രീലക്ഷ്മിയിൽ രാജനെ (62) യാണ് കൊലപ്പെടുത്തിയത്.
രാജന്റെ മകളുടെ വിവാഹം ഇന്ന് 10.30-ന് വർക്കല ശിവഗിരിയിൽ നടത്താൻ നിശ്ചയിച്ചതായിരുന്നു. ഇതിനുള്ള ഒരുക്കങ്ങളെല്ലാം വീട്ടിൽ പൂർത്തിയായിരുന്നു. കഴിഞ്ഞ ദിവസം വീട്ടിൽ വിവാഹവുമായി ബന്ധപ്പെട്ട സത്കാര ചടങ്ങും ഉണ്ടായിരുന്നു. രാത്രി 12 മണിയോടെ നാലുപേരടങ്ങുന്ന സംഘം വീട്ടിലെത്തി വീടിന് മുമ്പിൽ വെച്ച് ബഹളമുണ്ടാക്കി. പെൺകുട്ടിയുടെ മുൻ സുഹൃത്ത് വിഷ്ണുവും സംഘവുമായിരുന്നു വീടിന് വെളിയിൽ ബഹളമുണ്ടാക്കിയത്.
ബഹളം കേട്ട് അയൽവാസികളും എത്തി. ചോദ്യംചെയ്ത ആളുകളെ തൊട്ടടുത്തുണ്ടായ മൺവെട്ടി ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. ഇതിനിടെയായിരുന്നു രാജന് തലയ്ക്ക് പരിക്കേറ്റത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തലയിൽ നിന്ന് ചോര വാർന്നായിരുന്നു മരണം. സംഭവസ്ഥലത്തു നിന്ന് രക്ഷപ്പെട്ട പ്രതികളെ കല്ലമ്പലം പോലീസ് വർക്കലയിൽ നിന്ന് അറസ്റ്റ് ചെയ്തു.