HEALTH
ഓപ്പറേഷന് തിയെറ്ററിൽ ഹിജാബ് ധരിക്കാന്‍ അനുവദിക്കണമെന്ന ആവശ്യത്തെ എതിർത്ത് ഐഎംഎ. ശസ്ത്രക്രിയ സമയത്ത് പാലിക്കേണ്ടത് രോഗിയുടെ സുരക്ഷ

തിരുവനന്തപുരം: ഓപ്പറേഷന് തിയെറ്ററിൽ ഹിജാബ് ധരിക്കാന്‍ അനുവദിക്കണമെന്ന ആവശ്യത്തെ പിന്തുണയ്ക്കാതെ ഐഎംഎ. ശസ്ത്രക്രിയയുടെ സമയത്ത് പാലിക്കേണ്ടത് അന്താരാഷ്ട്ര മാനദണ്ഡണങ്ങളെന്നും പ്രാധാന്യം നൽകേണ്ടത് രോഗിയുടെ സുരക്ഷയ്ക്കാണെന്നും ഐഎംഎ നിലപാട് വ്യക്തമാക്കി.
അനുബാധ ഉണ്ടാകാത്ത സാഹചര്യത്തിനാണ് മുന്‍ഗണന നൽകേണ്ടതെന്നും ഐഎംഎ സംസ്ഥാന പ്രസിഡന്റ് ഡോ. സുൽഫി നൂഹു കൂട്ടിച്ചേർത്തു.
ശസ്ത്രക്രിയയുടെ സമയത്തും ലോങ് സ്ലീവ് സ്ക്രബ് ജാക്കറ്റ്, ഹിജാബ് പോലെ തല മറയ്ക്കുന്ന തരത്തിലുള്ള സര്‍ജിക്കല്‍ ഹൂഡ് എന്നിവ ധരിക്കാന്‍ അനുവാദം നല്‍കണമെന്നാണ് ആവശ്യം. എന്നാൽ, ആഗോളതലത്തിൽ തന്നെ ഓപ്പറേഷൻ തിയെറ്ററുകളിലെ വസ്ത്രങ്ങൾക്കു നിശ്ചയിക്കപ്പെട്ട മാനദണ്ഡങ്ങളുണ്ടെന്നും അതു മാറ്റാനാവില്ലെന്നും മുതിർന്ന ഡോക്റ്റർമാർ ചൂണ്ടിക്കാട്ടുന്നു.
‘ഹോസ്പിറ്റല്‍ മാനദണ്ഡങ്ങള്‍ അനുസരിച്ചും ഓപ്പറേഷന് റൂം നിര്‍ദേശങ്ങള്‍ പിന്തുടര്ന്നും ഹിജാബ് ധരിക്കാന്‍ സാധിക്കാത്ത സാഹചര്യമാണ്. എന്നാല്‍ ലോകത്തിന്റെ മറ്റു പല ഭാഗങ്ങളിലും ഇതിന് അനുകൂലമായ രീതിയിലുള്ള ആശുപത്രി വസ്ത്രങ്ങള്‍ നല്കുന്ന കമ്പനികളുണ്ട്. നീളമുള്ള കൈകളുള്ള സ്ക്രബ് ജാക്കറ്റും സര്‍ജിക്കല്‍ ഹുഡും ശുചിത്വമുറപ്പിക്കുന്ന രീതിയില്‍ ലഭ്യവുമാണ്. അതുകൊണ്ട് ഫുൾ സ്ലീവ് സ്ക്രബ് ജാക്കറ്റും സർജിക്കൽ ഹൂഡ്സും ധരിക്കാൻ അനുവദിക്കണം’, കത്തിൽ പറയുന്നു
2020 എംബിബിഎസ് ബാച്ചിലെ ഒരു വിദ്യാർഥിനി ഈ മാസം 26ന് എഴുതിയ കത്തില്‍ 2018, 2021, 2022 ബാച്ചുകളിലെ ആറു വിദ്യാർഥിനികളും ഒപ്പിട്ടുണ്ട്. “ഓപ്പറേഷന് തിയെറ്ററിനുള്ളില്‍ തലയും കൈകളും മറയ്ക്കാന്‍ തങ്ങളെ അനുവദിക്കുന്നില്ല. മതവിശ്വാസമനുസരിച്ച് മുസ്ലിം സ്ത്രീകള്‍ക്ക് എല്ലാ സാഹചര്യങ്ങളിലും ഹിജാബ് നിര്‍ബന്ധമാണ്. ഹിജാബ് ധരിക്കുന്ന ഞങ്ങള്‍ക്ക് മതപരമായ വസ്ത്രങ്ങള്‍ ധരിക്കാനും, ഓപ്പറേഷന് റൂം ചട്ടങ്ങള്‍ പാലിക്കാനുമുള്ള സന്തുലിതാവസ്ഥ കണ്ടെത്താൻ ബുദ്ധിമുട്ടാണ്”- കത്തില്‍ പറയുന്നു.
എന്നാൽ, ഓപ്പറേഷന് തിയെറ്ററില്‍ ഹിജാബ് അനുവദിക്കാനാവില്ലെന്നു മെഡിക്കൽ കോളെജ് പ്രിന്‍സിപ്പല്‍ ഡോ. ലിനറ്റ് ജെ. മോറിസ് വ്യക്തമാക്കി. സാർവത്രികമായി അംഗീകരിക്കപ്പെട്ട അണുവിമുക്ത മാനദണ്ഡങ്ങൾ അനുസരിച്ചു മാത്രമേ മുന്നോട്ടു പോകാൻ കഴിയൂ. ശാസ്ത്രീയ മാനദണ്ഡങ്ങള്‍ മാറ്റാനാവില്ല. കൈമുട്ടു മുതൽ താഴേയ്ക്ക് ഇടയ്ക്കിടെ കൈ സാനിറ്റൈസ് ചെയ്യേണ്ട സാഹചര്യം ഓപ്പറേഷൻ റൂമുകളിലുണ്ട്. ഇക്കാര്യം ആ വിദ്യാര്‍ഥികളോടു പറഞ്ഞിട്ടുണ്ട്. രോഗികളുടെ സുരക്ഷയാണു പ്രധാനം. ശസ്ത്രക്രിയാ വിദഗ്ധരെയും അണുബാധാ സ്പെഷ്യലിസ്റ്റുകളെയും ഉൾപ്പെടുത്തി സമിതി രൂപീകരിച്ച് ചർച്ച ചെയ്ത് തീരുമാനമെടുക്കുമെന്നും ആശുപത്രി അധികൃതർ പറഞ്ഞു.