KERALA
48 മണിക്കൂറിന് ശേഷം മഹാരാജന്‍റെ മൃതദേഹം പുറത്തെത്തിച്ചു.
തിരുവനന്തപുരം: കിണർ വൃത്തിയാക്കുന്നതിനിടെ മണ്ണിനടിയിൽപ്പെട്ട തൊഴിലാളിയുടെ മൃതദേഹം പുറത്തെത്തിച്ചു. രക്ഷാപ്രവർത്തനം ആരംഭിച്ച് 48 മണിക്കൂറിന് ശേഷമാണ് മൃതദേഹം കണ്ടെത്തിയത്. ഏകദേശം 90 അടി താഴ്ചയുള്ള കിണറിനുള്ളിൽനിന്ന് വെങ്ങാനൂർ സ്വദേശിയായ മഹാരാജന്‍റെ (55) മൃതദേഹം ഇന്ന് രാവിലെ പുറത്തെത്തിച്ചത്.
ശനിയാഴ്ച രാവിലെ 9.30-നായിരുന്നു അപകടം. എൻ.ഡി.ആർ.എഫ് സംഘം, അൻപതിലധികം അഗ്നിരക്ഷാസേനാംഗങ്ങൾ, 25-ലധികം പോലീസുകാർ, സ്പെഷ്യൽ ടാസ്ക് ഫോഴ്സ് കിണർനിർമാണത്തിൽ വൈദഗ്ധ്യമുള്ള 25-തൊഴിലാളികൾ എന്നിവരുൾപ്പെടെയുള്ളവർ രണ്ടുദിവസമായി രക്ഷാപ്രവർത്തനം തുടരുകയായിരുന്നു.
മേൽമണ്ണു മാറ്റി കിണറിന്റെ അടിത്തട്ടിലെത്തി മഹാരാജനെ രക്ഷിക്കാൻ നിരവധി തവണയാണ് രക്ഷാസംഘം ശ്രമിച്ചത്. എന്നാൽ, കിണറിന്റെ മുകൾഭാഗത്തുള്ള ഉറകൾ ഇളകിവീണ് മണ്ണിടിഞ്ഞതോടെ രക്ഷാപ്രവർത്തനം ദുഷ്കരമായി. കഴിഞ്ഞ ദിവസങ്ങളിൽ മഴ പെയ്തിരുന്നതിനാൽ കിണറിനുള്ളിൽ വെള്ളക്കെട്ടുണ്ടായതും വെല്ലുവിളിയായി.
