Crime
സ്വർണകള്ളക്കടത്തിൽ കാരാട്ട് റസാഖിനും പങ്കുണ്ടെന്ന് മൊഴി

തിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽ കാരാട്ട് റസാഖ് എംഎൽഎക്കും കാരാട്ട് ഫൈലസിനുമെതിരെ മൊഴി. റമീസ് സ്വർണം കടത്തിയത് റസാഖിനും ഫൈസലിനും വേണ്ടിയാണെന്ന് കേസിലെ പ്രധാന പ്രതി സന്ദീപ് നായരുടെ ഭാര്യ സൗമ്യ നൽകിയ മൊഴിയാണ് പുറത്ത് വന്നത്.
പ്രതികൾ തമ്മിൽ നടത്തിയ ആശയ വിനിമയത്തിലും എംഎൽഎയ്ക്ക് പങ്കുണ്ട്. എംഎൽഎ നേരിട്ട് ഇടപെട്ടതായി അറിയില്ലെന്നും സൗമ്യ മൊഴി നൽകി. റിപ്പോർട്ടിൽ എംഎൽഎ എന്ന് പരാമർശിച്ചിട്ടില്ല. ഇക്കാര്യം രഹസ്യ റിപ്പോർട്ടായി കസ്റ്റംസ് കേന്ദ്രത്തിന് നൽകി.
അതേസമയം കാരാട്ട് ഫൈസലിനെ നേരത്തെ അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു. ജൂലൈ എട്ടിനാണ് സന്ദീപിന്റെ ഭാര്യയെ കസ്റ്റംസ് വിളിച്ച് മൊഴിയെടുത്തത്. സ്വപ്നയുടെ ഒത്താശയോടുകൂടി സന്ദീപും സരിത്തും റമീസും നടത്തുന്ന സ്വർണക്കടത്ത് സംബന്ധിച്ച് സൗമ്യക്ക് വ്യക്തമായ വിവരമുണ്ടെന്നാണ് കണ്ടെത്തൽ.
സ്വർണക്കടത്തിനെ എതിർത്തപ്പോൾ സന്ദീപ് ശാരീരിക ഉപദ്രവം നടത്തിയെന്നും സൗമ്യ നൽകിയ മൊഴിയിലുണ്ട്. കൊടുവള്ളിയിലുള്ള കാരാട്ട് റസാഖിനും ഫൈസലിനും വേണ്ടിയാണ് റമീസ് സ്വർണം കടത്തുന്നത്.
സ്വപ്നയുടെ ഒത്താശയോടുകൂടിയാണ് സ്വർണക്കടത്തെന്നും മൊഴിയിൽ പറയുന്നു. ഡിപ്ലോമാറ്റിക് ബാഗേജ് സന്ദീപിന്റെ വീട്ടിൽ കൊണ്ടുവന്നാണ് സ്വർണം പുറത്തെടുത്തിരുന്നെന്നും കസ്റ്റംസിന് വിവരം ലഭിച്ചിട്ടുണ്ട്.