Connect with us

Crime

പ്രിയാ വർഗീസിന്റെ നിയമനം ശരിവച്ച ഹൈക്കോടതി വിധിക്കെതിരെ യു.ജി.സി. സുപ്രീം കോടതിയിൽ .ഹൈക്കോടതി വിധി അടിയന്തിരമായി സ്റ്റേ ചെയ്യണമെന്നും ആവശ്യപ്പെട്ടു

Published

on

പ്രിയാ വർഗീസിന്റെ നിയമനം ശരിവച്ച ഹൈക്കോടതി വിധിക്കെതിരെ യു.ജി.സി. സുപ്രീം കോടതിയിൽ .ഹൈക്കോടതി വിധി അടിയന്തിരമായി സ്റ്റേ ചെയ്യണമെന്നും ആവശ്യപ്പെട്ടു

തിരുവനന്തപുരം: കണ്ണൂർ സർവകലാശാലയിൽ അസോസിയേറ്റ് പ്രൊഫസർ തസ്തികയിൽ പ്രിയാ വർഗീസിന്റെ നിയമനം ശരിവച്ച ഹൈക്കോടതി വിധിക്കെതിരെ യു.ജി.സി. സുപ്രീം കോടതിയിൽ അപ്പീൽ നൽകി.. ഹൈക്കോടതി വിധി അടിയന്തിരമായി സ്റ്റേ ചെയ്യണമെന്നും യു.ജി.സി. ചട്ടത്തിൽ നിഷ്കർഷിക്കുന്ന എട്ട് വർഷത്തെ അധ്യാപന പരിചയത്തിൽ പഠനേതര ജോലികൾ കണക്കാക്കാൻ കഴിയില്ലെന്നും സുപ്രീം കോടതിയിൽ ഫയൽ ചെയ്ത അപ്പീലിൽ യുജിസി ചൂണ്ടിക്കാട്ടി.

അസോസിയേറ്റ് പ്രൊഫസര്‍ തസ്തികയിലേക്ക് അപേക്ഷിക്കുന്നതിന് യു.ജി.സിയുടെ 2018-ലെ റഗുലേഷന്‍ നിഷ്‌കര്‍ഷിക്കുന്ന അധ്യാപന പരിചയം പ്രിയാ വർഗീസിന് ഇല്ലെന്ന് യു.ജി.സി. നേരത്തെ കേരള ഹൈക്കോടതിയെ അറിയിച്ചിരുന്നു. എന്നാൽ ഈ വാദം തള്ളിക്കൊണ്ടാണ് പ്രിയാ വർഗീസിന്റെ നിയമനം കേരള ഹൈക്കോടതി ശരിവെച്ചത്. ഇതോടെ 2018-ലെ അസോസിയേറ്റ് പ്രൊഫസർ നിയമനവും ആയി ബന്ധപ്പെട്ട യു.ജി.സി. ചട്ടത്തിലെ വകുപ്പ് തന്നെ അപ്രസക്തമാകുമെന്നാണ് യു.ജി.സിയുടെ അപ്പീലിൽ ചൂണ്ടിക്കാട്ടുന്നത്.ഹൈക്കോടതി പുറപ്പെടുവിച്ച വിധിക്ക് അഖിലേന്ത്യാ തലത്തിൽ പ്രത്യാഘാതം ഉണ്ടാകുമെന്നാണ് യു.ജി.സിയുടെ മറ്റൊരു വാദം. 2018 റെഗുലേഷനിൽ നിഷ്‌കർഷിക്കുന്ന അധ്യാപന പരിചയം ഇല്ലാത്ത ചില ഉദ്യോഗാർത്ഥികൾ, കേരള ഹൈക്കോടതി പ്രിയാ വർഗീസിന് അനുകൂലമായി വിധിച്ച ഉത്തരവ് ചൂണ്ടിക്കാട്ടി അസോസിയേറ്റ് പ്രൊഫസറാകാൻ നിയമ പോരാട്ടം നടത്തിയേക്കും എന്ന ആശങ്ക യു.ജി.സിക്ക് ഉണ്ടെന്നും ചൂണ്ടിക്കാട്ടുന്നു.

അസോസിയേറ്റ് പ്രൊഫസര്‍ തസ്തികയിലേക്ക് അപേക്ഷിക്കുന്നതിന് യു.ജി.സിയുടെ 2018-ലെ റഗുലേഷന്‍ നിഷ്‌കര്‍ഷിക്കുന്ന അധ്യാപന പരിചയം എട്ടു വർഷമാണ്. എയ്ഡഡ് കോളേജില്‍ ജോലിയില്‍ പ്രവേശിച്ച ശേഷം പ്രിയാ വര്‍ഗീസ് എഫ്.ഡി.പി (ഫാക്കല്‍റ്റി ഡവലപ്‌മെന്റ് പ്രോഗ്രാം) പ്രകാരം ഡെപ്യൂട്ടേഷനില്‍ മൂന്നു വര്‍ഷത്തെ പിഎച്ച്ഡി ഗവേഷണം നടത്തിയ കാലയളവും കണ്ണൂര്‍ സര്‍വകലാശാലയില്‍ സ്റ്റുഡന്‍സ് ഡീന്‍ (ഡയറക്ടര്‍ ഓഫ് സ്റ്റുഡന്റ് സര്‍വീസസ്) ആയി രണ്ട് വര്‍ഷം ഡെപ്യൂട്ടേഷനില്‍ ജോലിചെയ്ത കാലയളവും ചേര്‍ത്താണ് അധ്യാപനപരിചയം കാണിച്ചിരിക്കുന്നത്. ഗവേഷണ കാലവും സ്റ്റുഡന്റ്സ് ഡീന്‍ ആയി പ്രവര്‍ത്തിച്ച കാലവും അടക്കം അഞ്ചു വര്‍ഷത്തോളമുള്ള കാലം അധ്യാപന കാലമായി പരിഗണിക്കുന്നത് ചട്ടത്തിന് വിരുദ്ധമാണെന്നാണ് യു.ജി.സിയുടെ നിലപാട്.


Continue Reading