POLITICS
നടിയും ബി.ജെ.പി നേതാവുമായ ഖുശ്ബു അറസ്റ്റിൽ

ചെന്നൈ: നടിയും ബിജെപി നേതാവുമായ ഖുശ്ബുവിനെ പൊലീസ് അറസ്റ്റ് ചെയ്തു. എംഎല്‍എയും വിടുതലൈ ചിരുതൈഗള്‍ കക്ഷി (വിസിആര്‍) നേതാവുമായ തോള്‍ തിരുമാവളവാനെതിരെ ബിജെപി വനിതാ വിഭാഗത്തിന് വേണ്ടി ചിദംബരത്ത് ഖുശ്ബുവിന്റെ നേതൃത്വത്തില്‍ പ്രതിഷേധം ആസൂത്രണം ചെയ്തിരുന്നു.
എന്നാല്‍ പ്രതിഷേധം തമിഴ്നാട് പൊലീസ് നിരോധിച്ചു. പൊലീസ് നിര്‍ദ്ദേശം ലംഘിച്ചതിനാണ് നടിയെ അറസ്റ്റ് ചെയ്തത്. ചിദംബരത്തെ പ്രതിഷേധ സമരത്തില്‍ പങ്കെടുക്കാന്‍ പോകവെയാണ് ഖുശ്ബുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്.
മനുസ്മൃതി നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് തിരുമാവളവാന്‍ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. മനുസ്മൃതി നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് വിസിആര്‍ പാര്‍ട്ടി സംസ്ഥാന വ്യാപകമായി പ്രചാരണവും സംഘടിപ്പിച്ചിരുന്നു. സ്ത്രീകളെ അപമാനിക്കുന്ന ഗ്രന്ഥമാണ് മനുസ്മൃതിയെന്നും ഹിന്ദു ധര്‍മ്മത്തില്‍ വളരെ മോശമായാണ് സ്ത്രീകളെ കണക്കാക്കുന്നതെന്നും തിരുമാവളവാന്‍ വ്യക്തമാക്കി. പ്രസ്താവനക്കെതിരെ സംസ്ഥാന വ്യാപകമായി ബിജെപി കടുത്ത പ്രതിഷേധമാണ് ഉയര്‍ത്തിയത്.
പ്രതിഷേധത്തിന് പിന്നാലെ കഴിഞ്ഞ ദിവസം തിരുമാവളവാനെതിരെ പൊലീസ് കേസെടുത്തു. പെരിയാറും ഇന്ത്യന്‍ രാഷ്ട്രീയവും എന്ന വിഷയത്തെ മുന്‍നിര്‍ത്തി നടന്ന വെബിനാറില്‍ സംസാരിക്കവേ തിരുമാവളവന്‍ വിവാദ സമാന നിരീക്ഷണങ്ങള്‍ നടത്തിയിരുന്നു. പിന്നാലെയാണ് ബിജെപിയുടെ നേതൃത്വത്തില്‍ വ്യാപക പ്രതിഷേധം അരങ്ങേറിയത്.