Connect with us

Crime

തട്ടിക്കൊണ്ടുപോയ കുട്ടിയെ പണം വാങ്ങിച്ച് മറ്റൊരാൾക്കു കൈമാറിയെന്നു പിടിയിലായ പ്രതി ജ്യൂസ് വാങ്ങി തരാമെന്ന് പറഞ്ഞാണ് കുട്ടിയെ തട്ടിക്കൊണ്ട് പോയത്

Published

on

ആലുവ∙ തായിക്കാട്ടുകര ഗാരിജ് റെയിൽവേ ഗേറ്റിനു സമീപത്തെ കെട്ടിടത്തിൽനിന്നു തട്ടിക്കൊണ്ടുപോയ കുട്ടിയെ പണം വാങ്ങിച്ച് മറ്റൊരാൾക്കു കൈമാറിയെന്നു പിടിയിലായ പ്രതി അസഫാക് ആലം. സുഹൃത്തിന്റെ സഹായത്തോടെയാണ് കുട്ടിയെ കൈമാറിയത്. സക്കീർ ഹുസൈൻ എന്നയാളാണ് കുട്ടിയെ കൊണ്ടുപോയതെന്നാണ് അസഫാക്ക് പൊലീസിനു നൽകിയ മൊഴി. കുട്ടിയെ ഇതുവരെ കണ്ടെത്താൻ സാധിച്ചിട്ടില്ല. അസഫാക്കിന്റെ രണ്ടു സുഹൃത്തുക്കളും പൊലീസ് കസ്റ്റഡിയിലുണ്ട്. ഇവരെയും ചോദ്യം ചെയ്തു വരികയാണ്. 

മുക്കത്ത് പ്ലാസയിൽ വാടകയ്ക്കു താമസിക്കുന്ന ബിഹാർ ബിഷാംപർപുർ സ്വദേശി രാംധർ തിവാരിയുടെ മകൾ ചാന്ദ്നിയെ (6) ആണ് തട്ടിക്കൊണ്ടുപോയത്. ഇതേ കെട്ടിടത്തിൽ 2 ദിവസം മുൻപു താമസിക്കായെത്തിയ ആളാണ് അസം സ്വദേശിയായ അസഫാക് ആലം. ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തെങ്കിലും പരസ്പരവിരുദ്ധമായാണ് സംസാരിച്ചിരുന്നത്. ലഹരിക്കടിമയാണെന്നു സംശയമുള്ളതായി പൊലീസ് പറയുന്നു.

കുട്ടിയെ തട്ടിക്കൊണ്ടുപോയെന്ന് ഇയാൾ ആദ്യം സമ്മതിച്ചിരുന്നില്ല. സിസിടിവി പരിശോധിച്ചപ്പോൾ പ്രതി കുട്ടിയുമായി റെയിൽവേ ഗേറ്റ് കടന്നു ദേശീയപാതയിൽ എത്തി തൃശൂർ ഭാഗത്തേക്കുള്ള ബസിൽ കയറിപ്പോയതിന്റെ ദൃശ്യങ്ങൾ ലഭിച്ചിരുന്നു.

വെള്ളിയാഴ്ച പകൽ മൂന്നോടെയാണു സംഭവം. രാംധറിനു 4 മക്കളുണ്ട്. സ്കൂൾ അവധിയായതിനാൽ അവർ മാത്രമേ മുറിയിൽ ഉണ്ടായിരുന്നുള്ളൂ. മക്കളിൽ രണ്ടാമത്തെയാളാണ് ചാന്ദ്നി. രാംധറും ഭാര്യ നീതു കുമാരിയും വൈകിട്ടു ജോലി കഴിഞ്ഞു വന്നപ്പോഴാണു കുട്ടിയെ കാണാനില്ലെന്ന വിവരം അറിഞ്ഞത്.പലയിടത്തും അന്വേഷിച്ചിട്ടും ഫലമില്ലാതെ വന്നപ്പോൾ പൊലീസിൽ പരാതി നൽകി.

സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ ആലുവ തോട്ടക്കാട്ടുകരയിൽനിന്നാണ് പ്രതിയായ അസഫാക് ആലത്തെ പിടികൂടിയത്. തായിക്കാട്ടുകര സ്കൂൾ കോംപ്ലക്സിൽ ഒന്നാം ക്ലാസ് വിദ്യാർഥിയാണ് ചാന്ദ്നി. മലയാളം നന്നായി സംസാരിക്കും. ജ്യൂസ് വാങ്ങി തരാമെന്ന് പറഞ്ഞാണ് കുട്ടിയെ തട്ടിക്കൊണ്ട് പോയത്. ജ്യൂസ് കടയിൽ നടത്തിയ അന്വേഷണത്തിൽ കുട്ടിക്ക് ജ്യൂസ് വാങ്ങി നൽകിയതായും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്.

Continue Reading