Crime
രാഹുൽ ഗാന്ധി ഫ്ലയിംഗ് കിസ് നൽകിയെന്ന ആരോപണവുമായി സ്‌മൃതി ഇറാനി.

ന്യൂഡൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഫ്ലയിംഗ് കിസ് നൽകിയെന്ന ആരോപണവുമായി കേന്ദ്രമന്ത്രി സ്‌മൃതി ഇറാനി. പ്രസംഗത്തിന് ശേഷം രാഹുൽ ഗാന്ധി ലോക്സഭ വിട്ടുപോകുന്നതിനിടെ വനിതാ എം പിമാർക്ക് ഫ്ലയിംഗ് കിസ് നൽകിയെന്നാണ് ആരോപണം.
വിഷയത്തിൽ ബി ജെ പിയുടെ വനിതാ എം പിമാർ സ്പീക്കർക്ക് പരാതി നൽകി. എംപിയായി തിരിച്ചെടുത്തതിന് ശേഷമുള്ള രാഹുൽ ഗാന്ധിയുടെ ആദ്യ പ്രസംഗമായിരുന്നു ഇന്ന്. രാജസ്ഥാനിൽ വൈകിട്ട് മൂന്ന് മണിക്ക് പരിപാടി നിശ്ചയിച്ചിരുന്നതിനാൽ മറുപടി കേൾക്കാൻ അദ്ദേഹം സഭയിൽ നിന്നില്ല.പിന്നാലെ അവിശ്വാസ പ്രമേയത്തെ എതിർത്ത് സ്‌മൃതി ഇറാനിയായിരുന്നു സംസാരിച്ചത്. ഇതിനിടയിൽ രാഹുൽ ഗാന്ധിയുടെ പേര് പരാമർശിക്കാതെയായിരുന്നു കേന്ദ്രമന്ത്രിയുടെ ആരോപണം. ‘എനിക്ക് മുമ്പ് സംസാരിച്ചയാൾ മോശമായി പെരുമാറി. സ്ത്രീ വിരുദ്ധനായ ഒരു പുരുഷന് മാത്രമേ വനിതാ പാർലമെന്റംഗങ്ങൾക്ക് ഫ്ലയിംഗ് കിസ് നൽകാൻ കഴിയൂ.’ -എന്നായിരുന്നു മന്ത്രി പറഞ്ഞത്.