Connect with us

KERALA

ശിവശങ്കറിന്റെ അറസ്റ്റിന്റെ പേരിൽ മുഖ്യമന്ത്രി രാജി വയ്ക്കേണ്ടതില്ലെന്ന് സി.പി.എം

Published

on


തിരുവനന്തപുരം: എം ശിവശങ്കറിനെ അറസ്റ്റ് ചെയ്തതിന്റെ പേരില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ രാജിവയ്‌ക്കേണ്ടതില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം വി ഗോവിന്ദന്‍ മാസ്റ്റര്‍. ശിവശങ്കറിന്റെ അറസ്റ്റില്‍ സര്‍ക്കാരിനും സിപിഎമ്മിനും ഉത്കണ്ഠയില്ല. ഇതിന്റെ പേരില്‍ പിണറായി വിജയന്‍ രാജിവയ്ക്കുന്ന പ്രശ്‌നമേയില്ല. രാജിവയ്ക്കുക എന്ന അജണ്ടയേയില്ല. പ്രതിപക്ഷം ഉന്നയിക്കുന്ന ആരോപണങ്ങള്‍ക്ക് അടിസ്ഥാനമില്ല എന്നും അദ്ദേഹം പറഞ്ഞു.

ലഗേജ് വിട്ടുകിട്ടാനായി മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നും വിളിച്ചു എന്ന ആരോപണം അന്നും ഇന്നും അസംബന്ധമാണ്. സിപിഎം ഒരു ആരോപണവും നിലവില്‍ ഉന്നയിക്കുന്നില്ല. കോടതിയുടെ തീര്‍പ്പ് വരട്ടേ, അപ്പോ നോക്കാം.

കുറ്റക്കാരനാണെങ്കില്‍ ശിക്ഷിക്കട്ടേ, അതുകൊണ്ട് നമുക്കെന്താ കുഴപ്പം? സിപിഎമ്മിന് ഭയമില്ല. കൂടുതല്‍ തെളിവുണ്ടെങ്കില്‍ വരട്ടേ, ഒരു പ്രതിയേയും സംരക്ഷിക്കേണ്ട ബാധ്യത സിപിഎമ്മിനില്ല- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ശിവശങ്കറിനെ അറസ്റ്റ് ചെയ്തു എന്നത് ശരിയാണ്. ഇതിന്റെ ഭാഗമായി പുതിയ മൊഴി വരട്ടേ, അതിനെ അടിസ്ഥാനപ്പെടുത്തി കേസ് നടക്കട്ടേ, അതിന്റെ ഭാഗമായി വിധി വന്നോട്ടെ, പക്ഷേ അപ്പോഴൊന്നും ഇടതുപക്ഷ ജനാധിപത്യ മുന്നണി ഗവണ്‍മെന്റിനോ മുഖ്യമന്ത്രിക്കോ ഇതിലൊന്നും പങ്കില്ല എന്ന കാര്യം ഉറപ്പായും വ്യക്തമാകുന്നതാണ്.

അറസ്റ്റില്‍ പിണറായി വിജയന് ധാര്‍മിക ഉത്തരവാദിത്തമുണ്ടെങ്കില്‍ നരേന്ദ്ര മോദിക്കും ഉണ്ടാകുമല്ലോ. ഐഎഎസ്, ഐപിഎസ് എന്നത് കേന്ദ്ര കേഡറാണ് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു

Continue Reading