Life
ബ്രാൻഡഡ് മരുന്നുകൾക്കു പകരം ജനറിക് പേരുകൾ കുറിക്കണമെന്ന മെഡിക്കൽ കമ്മിഷൻ ഉത്തരവിന് വിലക്ക്

ന്യൂഡൽഹി: ഡോക്‌ടർമാർ ബ്രാൻഡഡ് മരുന്നുകൾക്കു പകരം ജനറിക് പേരുകൾ കുറിക്കണമെന്ന ദേശീയ മെഡിക്കൽ കമ്മിഷൻ ഉത്തരവിന് വിലക്കേർപ്പെടുത്തി. ഇന്ത്യൻ മെഡിക്കൽ അസോസിയേഷനും ഫെഡറേഷൻ ഓഫ് റസിഡന്‍റ് ഡോക്‌ടേർസ് അസോസിയേഷനും കേന്ദ്രത്തിനെ സമീപിച്ചതിനു പിന്നാലെയാണ് നടപടി.
എൻഎംസിയുടെ ഉത്തരവിനെതിരെ ഡോക്‌ടർമാർ ആദ്യംമുതൽക്കെ എതിർത്തിരുന്നു. രാജ്യത്ത് ജനറിക് മരുന്നുകളുടെ ഗുണനിലവാരം കുറവാണെന്നും ഇത്തരം ഉത്തരവുകൾ രോഗികളെ അപടകടത്തിൽപ്പെടുത്തുമെന്നും അവർ പറയുന്നു. നാഷനൽ മെഡിക്കൽ കമ്മിഷന്‍റെ, 2023 റജിസ്റ്റർഡ് മെഡിക്കൽ പ്രാക്‌ടീഷനൽ റെഗുലേഷൻസിലാണു ഡോക്‌ടർമാർ മരുന്നുകളുടെ ജനറിക് പേരുകൾ കുറിക്കണമെന്ന് നിർബന്ധമാക്കിയത്. ബ്രാൻഡഡ് മരുന്നുകളെക്കാൾ ജനറിക് മരുന്നുകൾക്ക് 30 മുതൽ 80 ശതമാനം വരെ വിലക്കുറവുള്ളതിനാൽ പുതിയ ഉത്തരവ് ആരോഗ്യസംരക്ഷണമേഖലയ്ക്ക് ചെലവു ചുരുക്കുമെന്നാണ് റെഗുലേറ്ററി ബോർഡിന്‍റെ വാദം.
അതേസമയം, ഈ നിയമപ്രകാരം ഡോക്‌ടർ നൽകുന്ന ജനറിക് മരുന്നുകളുടെ കുറിപ്പടിയുമായി രോഗി ഫാർമസിയിൽ എത്തിയാൽ ഫാർമസിസ്റ്റായിരിക്കും ഏത് ബ്രാൻഡിലുള്ള മരുന്ന് നൽകണമെന്ന് തിരുമാനിക്കുന്നത്. തങ്ങൾക്ക് കൂടുതൽ ലാഭമുള്ള ബ്രാൻഡ് ആയിരിക്കും ഫാർമസിസ്റ്റ് നൽകുക. ഇത് രോഗിയുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കും.