Crime
അച്ചു ഉമ്മനെതിരെ സൈബർ അധിക്ഷേപം നടത്തിയ സെക്രട്ടറിയേറ്റിലെ മുൻ അഡീഷണൽ സെക്രട്ടറിയെ ഇന്ന് ചോദ്യം ചെയ്യും

കോട്ടയം: അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ മകൾ അച്ചു ഉമ്മനെതിരെ സൈബർ അധിക്ഷേപം നടത്തിയ സെക്രട്ടറിയേറ്റിലെ മുൻ അഡീഷണൽ സെക്രട്ടറി നന്ദകുമാർ കൊളത്താപ്പിള്ളിയെ ഇന്ന് ചോദ്യം ചെയ്യും. ഇന്ന് പത്ത് മണിക്ക് ഹാജരാകാനാണ് പൂജപ്പുര പൊലീസ് നോട്ടീസ് നൽകിയിരിക്കുന്നത്. ജാമ്യം ലഭിക്കാവുന്ന വകുപ്പുകൾ പ്രകാരമാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.
അച്ചു ഉമ്മന്റെ പരാതിയിൽ പൊലീസ് നേരത്തെ കേസെടുത്ത് മൊഴി രേഖപ്പെടുത്തിയിരുന്നു. എന്നാൽ ചോദ്യം ചെയ്യൽ പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് കഴിയുന്നത് വരെ മാറ്റിവയ്ക്കുകയായിരുന്നു. പൊലീസ് കേസെടുത്തതിന് പിന്നാലെ നന്ദകുമാർ മാപ്പ് പറഞ്ഞിരുന്നു. എന്നാൽ ഫേസ്ബുക്ക് അക്കൗണ്ട് മരവിപ്പിക്കുകയാണ് ചെയ്തത്. ഫേസ്ബുക്കിൽ രണ്ട് അക്കൗണ്ടുകളാണ് നന്ദകുമാറിനുണ്ടായിരുന്നത്. ഇതിൽ നന്ദകുമാർ കൊളത്താപ്പിള്ളി എന്ന അക്കൗണ്ടാണ് മരവിപ്പിച്ചത്. ഈ അക്കൗണ്ടിലൂടെയാണ് അച്ചുവിനെതിരെ അധിക്ഷേപം ഉന്നയിച്ചത്.സെക്രട്ടറിയേറ്റിലെ മുൻ ഇടത് സംഘടന നേതാവ് കൂടിയായ നന്ദകുമാറിന് സർക്കാർ ഐഎച്ച്ആർഡിയിൽ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറായി പുനർനിയമനം നൽകിയിരുന്നു. സ്ത്രീകളെ അധിക്ഷേപിച്ച് പോസ്റ്റിട്ടതിന് ഐഎച്ച്ആർഡിയും ഒരു നടപടിയും സ്വീകരിച്ചിട്ടില്ല.അതേസമയം, നന്ദകുമാറിനെ സർവീസിൽ നിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വിഡി സതീശൻ മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നൽകിയിരുന്നു. നന്ദകുമാറിന് ഉന്നത സിപിഎം ബന്ധമുണ്ടെന്നതടക്കമുള്ള കാര്യങ്ങൾ പ്രതിപക്ഷ നേതാവ് ആരോപിച്ചിരുന്നു.സോഷ്യൽ മീഡിയയിലൂടെയും പാർട്ടി പ്രചാരണ വേദികളിലൂടെയും അപമാനിച്ചു എന്നാരോപിച്ചാണ് അച്ചു ഉമ്മൻ പൊലീസിന് പരാതി നൽകിയത്. പിന്നാലെ ഉമ്മൻചാണ്ടിയുടെ കുടുംബവീടായ പുതുപ്പള്ളിയിലെ കരോട്ട് വള്ളക്കാലിൽ വീട്ടിലെത്തി പൂജപ്പുര പൊലീസ് മൊഴി രേഖപ്പെടുത്തിയിരുന്നു.വ്യക്തിഹത്യയ്ക്കും സ്ത്രീത്വത്തെ അപമാനിച്ചതിനും വനിതാ കമ്മിഷനിലും, സൈബർ സെല്ലിലും, പൂജപ്പുര പൊലീസ് സ്റ്റേഷനിലുമായിരുന്നു പരാതി നൽകിയിരുന്നത്.