NATIONAL
ബിഹാറിലെ തെരഞ്ഞെടുപ്പ് പ്രചരണ രംഗത്ത് നിന്ന് ഒളിച്ച് കളിച്ച് പ്രിയങ്കയും രാഹുലും

ബിഹാറിലെ തെരഞ്ഞെടുപ്പ് പ്രചരണ രംഗത്ത് നിന്ന് ഒളിച്ച് കളിച്ച് പ്രിയങ്കയും രാഹുലും
പറ്റ്ന: ബിഹാറിൽ രണ്ടാംഘട്ടം തെരഞ്ഞെടുപ്പിനു പ്രചാരണം അവസാനഘട്ടത്തിലേക്കു നീങ്ങുമ്പോൾ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി “അവധി’ ആഘോഷിക്കാൻ ഹിമാചൽ പ്രദേശിൽ. സിംലയിലെ ഛരബ്രയിൽ സഹോദരി പ്രിയങ്ക ഗാന്ധി വാദ്‌രയുടെ വസതിയിലേക്കാണു രാഹുൽ വിശ്രമത്തിനായി മടങ്ങിയത്. രണ്ടു ദിവസം രാഹുൽ ഇവിടെയായിരിക്കുമെന്നാണു റിപ്പോർട്ട്. നാളെയാണ് ബിഹാറിൽ രണ്ടാംഘട്ട വോട്ടെടുപ്പിനു പ്രചാരണം സമാപിക്കുന്നത്. രാഹുൽ ഇതേവരെ നാലു യോഗങ്ങളിലാണ് പങ്കെടുത്തത്. അതേസമയം, എഐസിസി ജനറൽ സെക്രട്ടറി കൂടിയായ പ്രിയങ്ക ഇതേവരെ ബിഹാറിൽ പ്രചാരണത്തിന് എത്തിയിട്ടില്ലെന്നതും ശ്രദ്ധേയം.തെരഞ്ഞെടുപ്പിനു മുന്നോടിയായി കോൺഗ്രസ് പുറത്തിറക്കിയ 30 താരപ്രചാരകരുടെ പട്ടികയിൽ സോണിയ ഗാന്ധിക്കും രാഹുലിനുമൊപ്പം പ്രിയങ്കയുടെ പേരുമുണ്ടായിരുന്നു. ഉത്തർപ്രദേശിന്‍റെ ചുമതലയുള്ള പ്രിയങ്ക അവിടെ അഞ്ചു നിയമസഭാ മണ്ഡലങ്ങളിലേക്ക് നടക്കുന്ന ഉപതെരഞ്ഞെടുപ്പുകളുടെ തിരക്കിലാണെന്നാണ് പാർട്ടി വൃത്തങ്ങൾ നൽകുന്ന വിശദീകരണം. ഹാഥ്‌രസ് കേസിൽ യോഗി ആദിത്യനാഥ് സർക്കാരിനെതിരേ രാഹുൽ ഗാന്ധിക്കൊപ്പം നിന്ന് ശക്തമായ പ്രക്ഷോഭം നയിച്ച പ്രിയങ്ക പ്രചാരണത്തിനെത്തണമെന്ന് ബിഹാറിലെ കോൺഗ്രസ് നേതൃത്വത്തിന് താത്പര്യമുണ്ടായിരുന്നു. നിരവധി സ്ഥാനാർഥികൾ നേതൃത്വത്തോട് പ്രിയങ്കയെ ആവശ്യപ്പെടുകയും ചെയ്തു. മൂന്നിന് ബിഹാറിൽ രണ്ടാംഘട്ടം വോട്ടെടുപ്പു നടക്കുന്നതിനൊപ്പമാണ് യുപിയിൽ ഉപതെരഞ്ഞെടുപ്പ്. ഈ സാഹചര്യത്തിൽ ഏഴിനു നടക്കുന്ന മൂന്നാം ഘട്ടം വോട്ടെടുപ്പിന് മുന്നോടിയായെങ്കിലും പ്രിയങ്ക എത്തുമെന്ന പ്രതീക്ഷയിലാണ് നേതാക്കൾ. എന്നാൽ, യുപിയിൽ പ്രിയങ്കയ്ക്ക് വലിയ ഉത്തരവാദിത്വങ്ങളുണ്ടെന്ന് പാർട്ടി വക്താവ് രൺദീപ് സുർജേവാല.പ്രിയങ്ക ഇപ്പോൾ യുപിയിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും 2022ലെ നിയമസഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള പ്രവർത്തനത്തിലാണ് അവരെന്നുമാണ് പാർട്ടി നേതൃത്വത്തിന്‍റെ വിശദീകരണം. ബിഹാറിൽ തെരഞ്ഞെടുപ്പു പ്രചാരണത്തിന് പ്രിയങ്കയുണ്ടാവില്ലെന്നും അവർ സൂചിപ്പിക്കുന്നു.