Crime
സോളാര്‍ വിഷയവുമായി ബന്ധപ്പെട്ട് നിയമസഭയില്‍ ഉന്നയിച്ച അടിയന്തര പ്രമേയ നോട്ടീസില്‍ ഉച്ചക്ക് ചര്‍ച്ച നടക്കും

തിരുവനന്തപുരം: സോളാര്‍ വിഷയവുമായി ബന്ധപ്പെട്ട് നിയമസഭയില്‍ ഉന്നയിച്ച അടിയന്തര പ്രമേയ നോട്ടീസില്‍ ഉച്ചക്ക് ചര്‍ച്ച നടക്കും. സോളാര്‍ ലൈംഗികാരോപണത്തിൽ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ കുടുക്കാന്‍ ഗൂഢാലോചന നടന്നെന്ന സിബിഐ റിപ്പോര്‍ട്ടില്‍ ചര്‍ച്ച വേണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം അംഗീകരിച്ചുകൊണ്ടാണ് ചര്‍ച്ചയ്ക്ക് അനുമതി നല്‍കിയത്. ഒരു മണിമുതല്‍ മൂന്നുമണിവരെയാണ് ചര്‍ച്ച നടക്കുക.
ഷാഫി പറമ്പില്‍ നല്‍കിയ നോട്ടീസിന് മുഖ്യമന്ത്രി മറുപടി പറഞ്ഞു. വിഷയവുമായി ബന്ധപ്പെട്ട സിബിഐ റിപ്പോര്‍ട്ട് സര്‍ക്കാരിന്റെ പക്കലില്ലെന്ന് അദ്ദേഹം അറിയിച്ചു. ഊഹാപോഹത്തിന്റെ അടിസ്ഥാനത്തില്‍ മറുപടി പറയാന്‍ സാധിക്കില്ല. അതുകൊണ്ടുതന്നെ വിഷയത്തില്‍ ചര്‍ച്ച ആകാമെന്നും അദ്ദേഹം സഭയെ അറിയിച്ചു. തുടര്‍ന്നാണ് രണ്ടു മണിക്കൂര്‍ അടിയന്തരപ്രമേയ ചര്‍ച്ചയ്ക്ക് സ്പീക്കര്‍ അനുമതി നല്‍കിയത്.