Crime
സോളർ കേസിൽ ഗൂഢാലോചനയിന്മേലുള്ള അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷം അടിയന്തരപ്രമേയത്തിന് നോട്ടീസ് നൽകി

തിരുവനന്തപുരം : സോളർ കേസിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ കുടുക്കാൻ ഗൂഢാലോചന നടന്നുവെന്ന റിപ്പോർട്ടുകൾ പുറത്തുവന്നതോടെ ഇതു സിപിഎമ്മിനും എൽഡിഎഫ് സർക്കാരിനും എതിരെയുള്ള രാഷ്ട്രീയ ആയുധമാക്കി യുഡിഎഫും കോൺഗ്രസും . ഇന്നത്തെ നിയമസഭാ സമ്മേളനത്തിൽ ഗൂഢാലോചനയിന്മേലുള്ള അന്വേഷണം ആവശ്യപ്പെട്ട് അടിയന്തരപ്രമേയം കൊണ്ടുവരും. ഷാഫി പറമ്പിൽ എം.എൽ എ യാണ് അടിയന്തിര പ്രമേയത്തിന് നോട്ടീസ് നൽകിയത്. ഗൂഢാലോചനയ്ക്കു പിന്നിൽ പ്രവർത്തിച്ചവരെ നിയമത്തിനു മുന്നിൽ കൊണ്ടുവരണമെന്നാണ് പ്രതിപക്ഷ ആവശ്യം
പുതുപ്പള്ളി പരാജയത്തിൽ അടിപതറിയിരിക്കുന്ന ഭരണപക്ഷത്തെ പ്രഹരിക്കാൻ പ്രതിപക്ഷത്തിനു വീണുകിട്ടിയ അധിക ആയുധമാണു സോളർ ഗൂഢാലോചന. ഉമ്മൻ ചാണ്ടിയുടെ മകൻ ചാണ്ടി ഉമ്മൻ എംഎൽഎയായി സത്യപ്രതിജ്ഞ ചെയ്യുന്ന ദിനം തന്നെ ഇതിനായി പ്രതിപക്ഷം തിരഞ്ഞെടുക്കുന്നതും ഒരു പ്രത്യേകതയാണ്.
സോളർ കേസിനായി മുൻ മന്ത്രിയും ഇപ്പോൾ എൽഡിഎഫിന്റെയും ഭാഗമായ കെ.ബി.ഗണേശ് കുമാർ എംഎൽഎ, ശരണ്യ മനോജ്, വിവാദ ദല്ലാൾ എന്നിവർ ചേർന്നു ഗൂഢാലോചന നടത്തിയെന്ന തരത്തിലുള്ള റിപ്പോർട്ടുകളാണു പുറത്തുവന്നിരിക്കുന്നത്. ഉമ്മൻ ചാണ്ടിയെ കുറ്റവിമുക്തനാക്കി സിബിഐ അന്വേഷണസംഘം കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടും മൊഴിപ്പകർപ്പുകളും പൂർണമായി പുറത്തുവന്നിട്ടില്ലെങ്കിലും അവയെ അടിസ്ഥാനമാക്കി രാഷ്ട്രീയ വിവാദം കത്തിപ്പടരുകയാണ്. പരാതിക്കാരി എഴുതിയ കത്തിൽ ഉമ്മൻ ചാണ്ടിയുടെ പേര് ഉണ്ടായിരുന്നില്ലെന്നും ഇതു പിന്നീട് എഴുതിച്ചേർത്തതാണെന്നും സിബിഐ കണ്ടെത്തിയെന്ന വിവരങ്ങളെ അടിസ്ഥാനമാക്കി പ്രസ്താവനാ യുദ്ധവും മുറുകി.