Crime
ഇന്ത്യ കാനഡ ബന്ധം ഉലയുന്നു.കനേഡിയൻ നയതന്ത്രജ്ഞനെ പുറത്താക്കി ഇന്ത്യ.അടുത്ത അഞ്ച് ദിവസത്തിനുള്ളിൽ ഇന്ത്യ വിടണം

ന്യൂഡൽഹി: ഖാലിസ്ഥാൻ ഭീകരൻ ഹർദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകത്തിൽ രാജ്യത്തിന് ബന്ധമുണ്ടെന്ന് ആരോപിച്ച് നയതന്ത്ര പ്രതിനിധിയെ കാനഡ പുറത്താക്കിയതിന് ശക്തമായ മറുപടിയുമായി ഇന്ത്യ. കനേഡിയൻ നയതന്ത്രജ്ഞനെ പുറത്താക്കികൊണ്ടാണ് ഇന്ത്യ ശക്തമായി തിരിച്ചടിച്ചത്.
ഇന്ത്യയിലെ കനേഡിയൻ ഹൈക്കമ്മീഷണറെ വിളിച്ചുവരുത്തി മുതിർന്ന നയതന്ത്രജ്ഞനെ പുറത്താക്കാനുള്ള കേന്ദ്രത്തിന്റെ തീരുമാനം അറിയിച്ചതായി വിദേശകാര്യ മന്ത്രാലയം പ്രസ്‌താവനയിൽ വ്യക്തമാക്കുന്നു. അടുത്ത അഞ്ച് ദിവസത്തിനുള്ളിൽ ഈ നയതന്ത്രജ്ഞൻ ഇന്ത്യ വിടണം. നിജ്ജാറിന്റെ കൊലപാതകത്തിൽ ഇന്ത്യയുടെ ഉന്നത നയതന്ത്ര പ്രതിനിധിയ്ക്ക് വിശ്വസനീയമായ പങ്കുണ്ടെന്ന് കനേഡിയൻ വിദേശകാര്യമന്ത്രി മെലാനി ജോളി ആരോപിച്ചിരുന്നു. പിന്നാലെയായിരുന്നു അദ്ദേഹത്തെ പുറത്താക്കിയത്.നിജ്ജാറിന്റെ മരണത്തിന് പിന്നിൽ റോയുടെ ഏജന്റുമാർക്ക് പങ്കുള്ളതായാണ് കാനഡ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ ആരോപണം. രാജ്യത്തിന്റെ മണ്ണിൽ ഒരു കനേഡിയൻ പൗരനെ കൊലപ്പെടുത്തിയത് അംഗീകരിക്കാനാവാത്തതാണെന്നും രാജ്യത്തിന്റെ പരമാധികാരത്തിന്റെ ലംഘനമാണെന്നും ട്രൂഡോ വിമർശിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഇക്കാര്യം നേരിട്ടറിയിച്ചതായും അദ്ദേഹം പറഞ്ഞു.എന്നാൽ ട്രൂഡോയുടെ ആരോപണം തള്ളിയ ഇന്ത്യ വിമർശനം അസംബന്ധമാണെന്നും ആരോപണത്തിന് പിന്നിൽ ഗൂഢലക്ഷ്യങ്ങളുണ്ടെന്നും പ്രതികരിച്ചു. പ്രധാനമന്ത്രി അതെല്ലാം അപ്പോൾ തന്നെ തള്ളിക്കളഞ്ഞതാണെന്നും വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിലൂടെ അറിയിച്ചു.
ജൂൺ 18ന് നാണ് നിജ്ജാറിനെ അജ്ഞാതർ വെടിവച്ച് കൊന്നത്. ഇന്ത്യയിൽ നടന്നിട്ടുള്ള പല ഭീകരപ്രവർത്തനങ്ങൾക്കും നേതൃത്വം നൽകിയത് നിജ്ജാർ ആയിരുന്നുവെന്ന് അന്വേഷണ ഏജൻസികൾ മുമ്പ് കണ്ടെത്തിയിരുന്നു. ഇതിനുപിന്നാലെ ഇയാളെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കുകയും ചെയ്‌തിരുന്നു