Connect with us

International

തുർക്കിയിലെ ഭൂകമ്പത്തിൽ പെട്ട് 65 മണിക്കൂറിലേറെ കെട്ടിട്ടാവശിഷ്ടങ്ങൾക്കിടയിൽപ്പെട്ട മൂന്ന് വയസുകാരിയെ രക്ഷപ്പെടുത്തി

Published

on

അങ്കാറ: തുർക്കിയിലുണ്ടായ റിക്ടർ സ്‌കെയിൽ 7.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ കെട്ടിടാവശിഷ്ടങ്ങൾക്ക് അടിയിൽ അകപ്പെട്ടവരെ രക്ഷിക്കാനുള്ള ദൗത്യത്തിനിടെ സംഭവിച്ച അമ്പരപ്പിക്കുന്ന അത്ഭുതം പങ്കുവെച്ച് രക്ഷാപ്രവർത്തകൻ. തുർക്കിയിലും ഗ്രീസിലുമായുണ്ടായ ഭൂചലനത്തിൽ 94 പേരാണ് ഇതുവരെ മരിച്ചത്. തകർന്ന കെട്ടിടങ്ങൾക്കിടിയിൽ നിന്നും മൃതദേഹങ്ങൾ മാറ്റിക്കൊണ്ടിരിക്കുകയുമാണ്. ഇതിനിടെ, കെട്ടിടത്തിന് അടിയിൽ നിന്ന് മൂന്ന് വയസുകാരിയായ എലിഫ് പെരിൻസെക് എന്ന പെൺകുട്ടിയെ 65 മണിക്കൂറിന് ശേഷം ഗുരുതര പരിക്കുകളൊന്നുമില്ലാതെ രക്ഷപ്പെടുത്തിനായി.

തന്റെ ഹൃദയം തന്നെ നിലച്ചുപോയ, മൂന്ന് വയസുകാരിയെ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിന്നും കണ്ടെത്തിയ അനുഭവം പങ്കുവെച്ചിരിക്കുന്നത് അഗ്നിശമന സേനാ അംഗം മുആമ്മിർ സെലിക്കാണ്.

‘ഭൂചലനമുണ്ടായി മൂന്നാം ദിവസം ശേഷം മൃതദേഹങ്ങൾക്ക് വേണ്ടിയും ശേഷിക്കുന്ന ജീവനുകൾക്കും വേണ്ടിയുമുള്ള തിരച്ചിലിലായിരുന്നു ഞങ്ങൾ. അവശിഷ്ടങ്ങൾക്കിടയിൽ അനക്കില്ലാതെ പൊടിയിൽ പൊതിഞ്ഞ നിലയിൽ കിടക്കുകയായിരുന്നു ആ മൂന്ന് വയസുകാരി. ഒറ്റനോട്ടത്തിൽ മരിച്ചെന്നുറപ്പിച്ച് സഹപ്രവർത്തകനോട് ബോഡി ബാഗ് ചോദിച്ചു. ശേഷം അവളുടെ മുഖം തുടയ്ക്കാൻ കൈ നീട്ടിയപ്പോൾ ഞാൻ ഞെട്ടി, അവൾ കൺ തുറന്ന് തന്റെ തള്ളവിരൽ പിടിച്ചു. അവിടെ ഞാനൊരു അത്ഭുതം കണ്ടു.’ ഇസ്താംബൂൾ അഗ്‌നിശമന സേനാ അംഗം സെലിക്ക് പറയുന്നു.

മൂന്ന് ദിവസം പൂർണ്ണമായും അവശിഷ്ടങ്ങൾക്കിടയിൽ കിടന്ന എലിഫ് പെരിൻസെക്
ഇപ്പോൾ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. തൊട്ടുസമീപത്തായി അവൾ കിടന്നിരുന്ന ബെഡുമുണ്ടായിരുന്നു. എലിഫിന്റെ അമ്മയേയും ഇരട്ടകളായ രണ്ട് സഹോദരിമാരേയും രണ്ടു ദിവസം മുമ്പ് രക്ഷപ്പെടുത്തിയിരുന്നു. എന്നാൽ ആറ് വയസുകാരനായ സഹോദരനെ രക്ഷിക്കാനായില്ല. ജീവനോടെയാണ് പുറത്തെടുത്തതെങ്കിലും സഹോദരൻ പിന്നീട് മരിച്ചു.


അതേസമയം, തകർന്ന കെട്ടിടങ്ങൾക്കിടയിൽ നിന്ന് 106 ജീവനുകൾ ഇതുവരെയായി രക്ഷപ്പെടുത്തിയിട്ടുണ്ടെന്ന് തുർക്കി അഗ്‌നിശമന സേന അറിയിച്ചു. വെള്ളിയാഴ്ച ഉച്ചയോടെയാണ് ഭൂകമ്പമാപിനിയിൽ 7.0 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമുണ്ടായത്.

Continue Reading