Connect with us

Crime

കൃഷി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയുടെ ഓഫീസ് ക്യാബിനിലേയ്‌ക്ക് പി എം ആർഷോ അതിക്രമിച്ച് കയറിയതായി പരാതി. കാർഷിക സർവകലാശാല പൂട്ടിക്കുമെന്നും ഒരു യോഗവും നടത്താൻ അനുവദിക്കില്ലെന്നും അനന്തര ഫലം അനുഭവിക്കേണ്ടിവരുമെന്നും ഭീഷണിപ്പെടുത്തി.

Published

on

തിരുവനന്തപുരം: കൃഷി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ബി അശോകിന്റെ സെക്രട്ടേറിയറ്റിനുള്ളിലെ ഓഫീസ് ക്യാബിനിലേയ്‌ക്ക് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എം ആർഷോ അതിക്രമിച്ച് കയറിയതായി പരാതി. കേന്ദ്ര കാർഷിക സെക്രട്ടറിയുമായുള്ള ഓൺലൈൻ യോഗം നടക്കുന്നതിനിടെ കേരള കാർഷിക സർവകലാശാല വൈസ് ചാൻസലർ കൂടിയായ അശോകിന്റെ ക്യാബിനിൽ കയറി ആർഷോ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയെന്നും പരാതിയിൽ പറയുന്നു.

യോഗത്തിന് ശേഷം കാണാമെന്ന് കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് മുഖേന അറിയിച്ചെങ്കിലും ഇത് വകവയ്ക്കാതെയാണ് ആർഷോയും ഒപ്പമുണ്ടായിരുന്നയാളും തള്ളിക്കയറിയത്. തുടർന്ന് അശോകിന്റെ ചേംബറിൽ പ്രവേശിച്ച ആർഷോ വനിതാ ഉദ്യോഗസ്ഥരോടടക്കം കയർത്ത് സംസാരിച്ചുവെന്നും ഓൺലൈൻ യോഗം തടസപ്പെടുത്തിയെന്നും പരാതിയിൽ പറയുന്നു. അതിക്രമിച്ച് കയറി ഉദ്യോഗസ്ഥർക്കൊപ്പം ഇരുന്ന ആർഷോയും സുഹൃത്തും, കാർഷിക സർവകലാശാല പൂട്ടിക്കുമെന്നും ഒരു യോഗവും നടത്താൻ അനുവദിക്കില്ലെന്നും അശോകിനെ കാണാൻ അനുവദിച്ചില്ലെങ്കിൽ അനന്തര ഫലം അനുഭവിക്കേണ്ടിവരുമെന്നും ഭീഷണിപ്പെടുത്തി. ഭാവിയിൽ സന്ദർശക അനുമതി നൽകുകയാണെങ്കിൽ ആർഷോയെ നിരീക്ഷിക്കണമെന്നും കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് ഡിനു നായർ സെക്രട്ടേറിയറ്റ് ചീഫ് സെക്യൂരിറ്റി ഓഫീസർക്ക് നൽകിയ പരാതിയിൽ പറയുന്നു.സെക്രട്ടേറിയറ്റിലെ സുരക്ഷാ ചുമതലയുള്ള ചീഫ് സെക്യൂരിറ്റി ഓഫീസർ ഉൾപ്പെടെയുള്ളവർ സ്ഥലത്തെത്തിയപ്പോഴാണ് ആർഷോയും സുഹൃത്തും പുറത്തിറങ്ങിയത്. ‘വിളിക്കുന്നേടത്ത് എല്ലാവരെയും വരുത്തും’എന്ന് ആർഷോ പറഞ്ഞതായും ഉദ്യോഗസ്ഥർ പറഞ്ഞു. എന്നാൽ, താൻ അതിക്രമിച്ച് കയറുകയോ ഭീഷണിപ്പെടുത്തുകയോ ചെയ്തിട്ടില്ലെന്നാണ് ആർഷോ പ്രതികരിച്ചത്. കാർഷിക സർവകലാശാല വൈസ് ചാൻസലറുമായി സംസാരിച്ച ശേഷം മടങ്ങിയെന്നും ആർഷോ പറഞ്ഞു.

Continue Reading