Connect with us

Crime

പെരിയ ഇരട്ട കൊലക്കേസ് : സംസ്ഥാന സർക്കാർ നൽകിയ ഹരജി ദീപാവലി അവധിക്ക് ശേഷം പരിഗണിക്കാനായ് മാറ്റി

Published

on

ന്യൂഡൽഹി: പെരിയ ഇരട്ടകൊലപാതക കേസിലെ സി ബി ഐ അന്വേഷണത്തിന് എതിരേ സംസ്ഥാന സർക്കാർ നൽകിയ ഹർജി ദീപാവലി അവധിക്ക് ശേഷം പരിഗണിക്കാനായി സുപ്രീം കോടതി മാറ്റി. സി ബി ഐ യുടെ ആവശ്യം പരിഗണിച്ചാണ് കേസ് പരിഗണിക്കുന്നത് മാറ്റിയത്. ഇതിനിടെ സുപ്രീം കോടതിയിലെ ഹർജിയിൽ തീർപ്പ് ഉണ്ടാകുന്നത് വരെ ഹൈക്കോടതിയിൽ നൽകിയ കോടതി അലക്ഷ്യ ഹർജിയിലെ നടപടികളുമായി മുന്നോട്ട് പോകില്ലെന്ന് ശരത്ത് ലാലിന്റെയും കൃപേഷിന്റേയും കുടുംബം സുപ്രീം കോടതിയെ അറിയിച്ചു.

സി ബി ഐ യ്ക്ക് വേണ്ടി പെരിയ കേസിൽ ഹാജരാകുന്ന സോളിസിറ്റർ ജനറൽ തുഷാർ മേത്ത മറ്റൊരു ബെഞ്ചിന് മുമ്പാകെയുള്ള സുപ്രധാനമായ കേസിലാണ് ഇന്ന് ഹാജരായത്. ഈ സാഹചര്യത്തിലാണ് സംസ്ഥാന സർക്കാർ നൽകിയ ഹർജി ഇന്ന് പരിഗണിക്കുന്നത് നീട്ടി വയ്ക്കണം എന്ന് സി ബി ഐ ആവശ്യപ്പെട്ടത്. കഴിഞ്ഞ ദിവസം കേസ് പരിഗണിക്കുന്നത് നീട്ടി വയ്ക്കണമെന്ന് ആവശ്യപ്പെട്ട് സി ബി ഐ സുപ്രീം കോടതി രജിസ്ട്രാർക്ക് കത്ത് നൽകിയിരുന്നു.

സുപ്രീം കോടതിയിലെ ഹർജിയിൽ തീർപ്പ് ഉണ്ടാകുന്നത് വരെ ഹൈക്കോടതിയിൽ ശരത്ത് ലാലിന്റെയും കൃപേഷിന്റേയും കുടുംബം ചീഫ് സെക്രട്ടറി, ഡി ജി പി തുടങ്ങിയവർക്ക് എതിരേ നൽകിയ കോടതി അലക്ഷ്യ ഹർജിയിലെ നടപടികൾ സ്റ്റേ ചെയ്യണമെന്ന് സംസ്ഥാന സർക്കാർ അഭിഭാഷകർ കോടതിയിൽ ആവശ്യപ്പെട്ടു. അതേസമയം സുപ്രീം കോടതിയിലെ ഹർജിയിൽ അന്തിമ തീർപ്പ് ഉണ്ടാകുന്നത് വരെ ഹൈകോടതിയിൽ നൽകിയ കോടതി അലക്ഷ്യ ഹർജിയിലെ നടപടികളുമായി മുന്നോട്ട് പോകില്ലെന്ന് ശരത്ത് ലാലിന്റെയും കൃപേഷിന്റേയും കുടുംബം സുപ്രീം കോടതിയെ അറിയിച്ചു.

Continue Reading