Crime
തൊണ്ടിമുതല്‍ കേസ് അതീവ ഗൗരവമേറിയത്, അടിവസ്ത്രം വിട്ടുകൊടുക്കാന്‍ ഉത്തരവുണ്ടായിരുന്നോയെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി: മന്ത്രി ആന്റണി രാജു പ്രതിയായ തൊണ്ടിമുതല്‍ കേസ് അതീവ ഗൗരവമുള്ളതാണെന്ന് സുപ്രീംകോടതി. കേസിലെ തൊണ്ടിയായിരുന്ന അടിവസ്ത്രം വിട്ടുകൊടുക്കാന്‍ മജിസ്ട്രേറ്റ് കോടതി ഉത്തരവ് ഉണ്ടായിരുന്നോയെന്നും കേസ് പരിഗണനക്കിടെ സുപ്രീംകോടതി ആരാഞ്ഞു. സംസ്ഥാന സര്‍ക്കാരിന് ഉള്‍പ്പടെ സത്യവാങ്മൂലം ഫയല്‍ ചെയ്യാന്‍ സമയം അനുവദിച്ച് കേസ് നവംബര്‍ ഏഴിലേക്ക് മാറ്റി.
പുനരന്വേഷണത്തിന് നിര്‍ദേശിച്ച ഹൈക്കോടതി ഉത്തരവിന് എതിരെ ആന്റണി രാജു നല്‍കിയ ഹര്‍ജി പരിഗണിക്കവെയാണ് സുപ്രീംകോടതി കേസ് അതീവ ഗൗരവമുള്ളതെന്ന് നിരീക്ഷിച്ചത്. ലഹരിമരുന്നു കേസില്‍ പിടിയിലായ ഓസ്‌ട്രേലിയന്‍ പൗരന്റെ വ്യക്തിഗത സാധനകള്‍ വിട്ടുനല്‍കാനുള്ള മജിസ്ട്രേറ്റ് കോടതി ഉത്തരവില്‍ തൊണ്ടിമുതലായ അടിവസ്ത്രവും ഉള്‍പ്പെട്ടിരുന്നോ എന്ന് കോടതി ആരാഞ്ഞു. വിട്ടുനല്‍കിയ തൊണ്ടിമുതലായ അടിവസ്ത്രം മാറ്റിനല്‍കിയതിനെ തുടര്‍ന്ന് പ്രതി ശിക്ഷയില്‍ നിന്ന് രക്ഷപെട്ടുവെന്നാണ് ആന്റണി രാജുവിന് എതിരായ കേസ്.. മന്ത്രി ആന്റണി രാജുവിന് പുറമെ കോടതി ജീവനക്കാരനായ ജോസും കേസില്‍ പ്രതിയാണ്.
ആന്റണി രാജു നല്‍കിയ ഹര്‍ജിയില്‍ നേരത്തെ സംസ്ഥാന സര്‍ക്കാരിനും കേസിലെ എതിര്‍കക്ഷികള്‍ക്കും സുപ്രീംകോടതി നോട്ടീസ് അയച്ചിരുന്നു. എന്നാല്‍ സര്‍ക്കാര്‍ ഉള്‍പ്പടെയുള്ള എതിര്‍കക്ഷികള്‍ സത്യവാങ്മൂലം ഫയല്‍ചെയ്യാന്‍ ഇന്ന് കോടതിയില്‍ കൂടുതല്‍ സമയം തേടുകയാണ് ഉണ്ടായത്. ഈ ആവശ്യം അംഗീകരിച്ചുകൊണ്ടാണ് ഹര്‍ജി പരിഗണിക്കുന്നത് സുപ്രീംകോടതി നവംബര്‍ ഏഴിലേക്ക് മാറ്റിയത്.