Crime
ഇഡിയുടെ പ്രത്യേക അധികാരം: പുനഃപരിശോധനയ്ക്ക് മൂന്നംഗ ബെഞ്ച് രൂപീകരിച്ചു

ന്യൂഡൽഹി: എൻഫോഴ്സ്മെന്‍റ് ഡയറക്റ്ററേറ്റിനുള്ള പ്രത്യേക അധികാരങ്ങൾ ശരിവച്ച 2022ലെ വിധിക്കെതിരായ ഹർജികൾ പരിശോധിക്കാൻ സുപ്രീം കോടതി പ്രത്യേക ബെഞ്ച് രൂപീകരിച്ചു.
ജസ്റ്റിസുമാരായ ജസ്റ്റിസ് സഞ്ജയ് കിഷൻ കൗള്‍, സഞ്ജീവ് ഖന്ന, ബേല എം. ത്രിവേദി എന്നിവരാണു ബെഞ്ചിലെ അംഗങ്ങൾ. കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട കേസുകളിൽ ഇഡിക്ക് പ്രത്യേക അധികാരം നിലനിർത്തുന്നതായിരുന്നു 2022ലെ വിധി.
ഇഡിയുടെ പ്രഥമ വിവര റിപ്പോർട്ടിനടക്കം പ്രാധാന്യം നൽകിയ ഈ വിധി മനുഷ്യാവകാശങ്ങളുടെ ലംഘനമാണെന്നാരോപിച്ചാണു പുനഃപരിശോധനാ ഹർജികൾ സമർപ്പിക്കപ്പെട്ടത്. തുടർന്ന് ഇതു പരിശോധിക്കാൻ കോടതി തീരുമാനിച്ചിരുന്നു. ഇന്നലെ ഇഡിയുമായി ബന്ധപ്പെട്ട മറ്റൊരു കേസ് പരിഗണിക്കവെയാണു പുനഃപരിശോധന ഹർജികൾ പരിഗണിക്കാൻ മൂന്നംഗ ബെഞ്ച് രൂപീകരിച്ചതായി കോടതി അറിയിച്ചത്.”