Crime
ഹര്‍ദീപ് സിങ് നിജ്ജറിന്റെ കൊലപാതകത്തിന് പിന്നിൽ പാക് ചാര സംഘടനയായ ഐ.എസ്.ഐ.

ന്യൂഡല്‍ഹി: ഇന്ത്യ- കാനഡ ബന്ധത്തില്‍ വിള്ളലുണ്ടാക്കാന്‍ ലക്ഷ്യമിട്ട് പാക് ചാര സംഘടനയായ ഇന്‍ര്‍-സര്‍വീസ് ഇന്റലിജന്‍സ് (ഐ.എസ്.ഐ.) ആണ് ഖലിസ്താന്‍ നേതാവ് ഹര്‍ദീപ് സിങ് നിജ്ജറിനെ കൊലപാതകത്തിന് പിന്നിലെന്ന് റിപ്പോര്‍ട്ടുകള്‍. നിജ്ജറിനെ കൊലപ്പെടുത്താന്‍ ഐ.എസ്.ഐ. ക്രിമിനലുകളെ വാടകയ്‌ക്കെടുത്തിരുന്നുവെന്നും ഒരു ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. നിജ്ജറിന്റെ കൊലപാതകത്തിന് പിന്നാലെ ഇയാള്‍ക്ക് പകരക്കാരനെ ഐ.എസ്.ഐ. തേടുന്നതായും കാനഡയിലെ ഖലിസ്താന്‍ അനുകൂല തീവ്രവാദികളെ ഒന്നിച്ചുകൊണ്ടുവരാന്‍ ശ്രമിക്കുന്നതായും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.
കഴിഞ്ഞ രണ്ടുവര്‍ഷത്തിനിടെ കാനഡയിലെത്തിയ ഭീകരസംഘാംഗങ്ങള്‍ക്ക് സഹായം നല്‍കാന്‍ ഐ.എസ്.ഐ. ഹര്‍ദീപ് സിങ് നിജ്ജറില്‍ സമ്മര്‍ദ്ദംചെലുത്തിയിരുന്നു. എന്നാല്‍, നിജ്ജര്‍ പൂര്‍ണ്ണമായും വിശ്വാസത്തിലെടുത്തത് പഴയ ഖലിസ്താന്‍ നേതാക്കളുടെ വാക്കുകളായിരുന്നുവെന്നും റിപ്പോര്‍ട്ടിലുണ്ട്
കഴിഞ്ഞ ജൂണ്‍ 18-നായിരുന്നു ഖലിസ്താന്‍ വാദിയായ ഹര്‍ദീപ് സിങ് നിജ്ജര്‍ കാനഡയിലെ ബ്രിട്ടീഷ് കൊളംബിയയില്‍ കൊല്ലപ്പെട്ടത്. കൊലപാതകത്തിന് പിന്നില്‍ ഇന്ത്യന്‍ ഏജന്റുകളാണെന്ന് വിശ്വസനീയമായ വിവരം കിട്ടിയെന്ന് കാനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ ആരോപിച്ചിരുന്നു. ഇതേത്തുടര്‍ന്ന് ഇരുരാജ്യങ്ങളും തമ്മില്‍ കടുത്ത ശത്രുത നിലനിന്നിരുന്നു.