Crime
ആരോഗ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട് ഉയർന്ന പരാതി സംബന്ധിച്ച് അന്വേഷണം നടത്തി ആവശ്യമായ നിലപാട് സ്വീകരിക്കണം. അതിൽ ഒരു വിട്ടുവീഴ്ചയും ചെയ്യണമെന്ന് എൽഡിഎഫോ സിപിഎമ്മോ പറയില്ല

തിരുവനന്തപുരം: മന്ത്രി വീണാ ജോർജിന്റെ ഓഫീസുമായി ബന്ധപ്പെട്ട് ഉയർന്ന പരാതിയിൽ കൃത്യമായ അന്വേഷണം നടക്കുന്നുണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. പരാതി ലഭിച്ചപ്പോൾ ആരോഗ്യമന്ത്രിയുടെ ഓഫീസ് തന്നെ ഇക്കാര്യം ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപെടുത്തിയിട്ടുണ്ടെന്നും തെറ്റായ നിലപാടിൽ ആരേയും സംരക്ഷിക്കില്ലെന്നും ഗോവിന്ദൻ കൂട്ടിച്ചേർത്തു.
ആരോഗ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട് ഉയർന്ന പരാതി സംബന്ധിച്ച് കൃത്യമായ അന്വേഷണം നടത്തി ആവശ്യമായ നിലപാട് സ്വീകരിക്കണം. അതിൽ ഒരു വിട്ടുവീഴ്ചയും ചെയ്യണമെന്ന് എൽഡിഎഫോ സിപിഎമ്മോ പറയില്ലെന്നും അദ്ദേഹം പറഞ്ഞു.
പട്ടാളക്കാരൻ വ്യാജപ്രചാരണം നടത്തിയ സംഭവത്തിൽ, എല്ലാം കലാപം ഉണ്ടാക്കാനുള്ള ബോധപൂർവ്വമായ പ്രവർത്തനമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ‘ഇത് ഉത്തരേന്ത്യൻ സ്റ്റൈലാണ്. ഉത്തരേന്ത്യയിൽ ഇങ്ങനെയാണ്. ഒരു മനുഷ്യനെ കൈയെല്ലാം കൂട്ടിക്കെട്ടി കുപ്പായം താഴ്ത്തി പിൻഭാഗത്ത് പെയിന്‍റിൽ ചാപ്പകുത്തി, മൃഗീയമായി മർദിച്ച് അവശനാക്കി എന്ന് പ്രചരിപ്പിക്കും. ജനപിന്തുണ നേടാനാകുന്ന വാർത്തയാണ് ഇത്. അവർതന്നെ സ്വയംചെയ്ത്, ബി.ജെ.പി. തന്നെ പ്ലാൻ ചെയ്ത് അത്തരത്തിൽ വാർത്ത സംഘടിപ്പിച്ചു. ഇപ്പോൾ, അവരെ കസ്റ്റഡിയിൽ എടുത്തപ്പോൾ മിണ്ടാട്ടമില്ലെന്നും ഗോവിന്ദൻ പറഞ്ഞു.