Crime
സഹകരണ ബാങ്കുകളിലെ ഇ.ഡി. നടപടികള്‍ കണ്ണൂരിലേക്കും വ്യാപിപ്പിക്കും. അരുണ്‍ ജെയ്റ്റ്‌ലി ദൃഢമായി പറഞ്ഞ കാര്യങ്ങളുടെ തുടര്‍ച്ച മാത്രമാണിവിടെ നടക്കുന്നത്.

തൃശ്ശൂര്‍: സഹകരണ ബാങ്കുകളിലെ ഇ.ഡി. നടപടികള്‍ കണ്ണൂരിലേക്കും മാവേലിക്കരയിലേക്കും മലപ്പുറത്തേക്കും വ്യാപിക്കുമെന്ന് സുരേഷ്‌ഗോപി. മുഖ്യമന്ത്രി പിണറായി വിജയനോട് ധനകാര്യമന്ത്രിയായിരുന്ന അരുണ്‍ ജെയ്റ്റ്‌ലി ദൃഢമായി പറഞ്ഞ കാര്യങ്ങളുടെ തുടര്‍ച്ച മാത്രമാണിവിടെ നടക്കുന്നത്. കരുവന്നൂരില്‍നിന്നും തൃശ്ശൂരിലേക്കുള്ള സഹകാരി സംരക്ഷണ ജാഥയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
2016 നവംബറിലാണ് നോട്ടുമാറ്റം നിലവില്‍ വരുന്നത്.അന്ന് സഹകരണ മേഖലയിലെ പ്രശ്‌നങ്ങള്‍ അവതരിപ്പിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ധനകാര്യമന്ത്രിയായിരുന്ന അരുണ്‍ ജെയ്റ്റ്‌ലിയെ കാണാന്‍ എത്തിയിരുന്നു. എംപിയായിരുന്ന താന്‍ അന്ന് ആ ഓഫീസില്‍ ഉണ്ടായിരുന്നു.അന്ന് ദൃഢമായി പറഞ്ഞ കാര്യങ്ങളുടെ തുടര്‍ച്ചയാണിവിടെ നടക്കുന്നത്, സുരേഷ് ഗോപി പറഞ്ഞു.
ഇ.ഡി. നടപടികള്‍ സഹകരണപ്രസ്ഥാനങ്ങളെ നശിപ്പിക്കാന്‍ വേണ്ടിയല്ലെന്ന് യാത്രയക്ക് മുന്നോടിയായി സുരേഷ് ഗോപി പറഞ്ഞു. ഒട്ടും ആവേശഭരിതനായല്ല താന്‍ ഈ വേദിയില്‍ നില്‍ക്കുന്നത്. മനുഷ്യനാകണം എന്ന ആപ്തവാക്യം ആര്‍ക്കും ഈ ഭാരതമാതാവ് തീറെഴുതിക്കൊടുത്തില്ല. ആ പരിഗണനയില്‍ മാത്രമാണ് പരിപാടിയില്‍ പങ്കെടുക്കുന്നത്. യാത്രയില്‍ രാഷ്‌ട്രീയമില്ല. തീര്‍ത്തും മനുഷ്യത്വപരമായ സമരമാണ് നടക്കുന്നത്. ക്രൂരന്മാരുടെ ചതിയില്‍ അകപ്പെട്ട ജനങ്ങളാണ് തനിക്കൊപ്പം നടക്കുന്നത്. അതിനാല്‍ തന്നെ ഇത് സഹകാരികള്‍ക്കുള്ള യാത്രയാണെന്നും സുരേഷ് ഗോപി ചൂണ്ടിക്കാട്ടി.
പദയാത്ര ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. സഹകരണ മേഖലയ്‌ക്കെതിരെയല്ല പദയാത്ര, പാവപ്പെട്ടവന്റെ ചോരയിലും നീരിലുമാണ് സഹകരണ പ്രസ്ഥാനം പടുത്തുയര്‍ത്തിരിക്കുന്നതെന്ന് സുരേന്ദ്രന്‍ പറഞ്ഞു. ഈ അഴിമതി പുറത്തുകൊണ്ടുവന്നത് മാദ്ധ്യമങ്ങളോ ഇഡിയോ ക്രൈംബ്രാഞ്ചോ അല്ല, പാവപ്പെട്ട സിപിഎം അനുഭാവികളായ സഹകാരികളാണ്. ഓരോ കുറ്റവാളിയെയും കണ്ടെത്തിയത് ക്രൈം ബ്രാഞ്ചാണ്. എന്നാല്‍ സാധാരണ താഴേത്തട്ടിലുള്ളവരിലേക്ക് മാത്രം കേസ് ഒതുക്കാന്‍ ശ്രമിച്ചപ്പോഴാണ് മറ്റ് ഏജന്‍സികള്‍ ഇടപെട്ടതെന്നും സുരേന്ദ്രന്‍ ചൂണ്ടിക്കാട്ടി.