Crime
മലപ്പുറത്തെ മുസ്ലിം പെൺകുട്ടികളെ അപമാനിച്ച കെ അനിൽകുമാറിനെതിരെ പ്രതിഷേധം കനക്കുന്നു

മലപ്പുറം: തട്ടമിടൽ പരാമർശത്തിൽ സി.പി.എം. നേതാവിനെതിരെ കനത്ത പ്രതിഷേധം. ഇതിനെതിരെ ആദ്യം തന്നെ കാന്തപുരം വിഭാഗമാണ് രംഗത്തെത്തിയിരുന്നത്. സി.പി.എം. നേതാവ് കെ. അനിൽകുമാർ റിനെമലപ്പുറത്തെ മുസ്ലിം പെൺകുട്ടികളെ അപമാനിച്ച് നടത്തിയ പ്രസംഗം പിൻവലിച്ച് മാപ്പ് പറയണമെന്ന് കേരള മുസ്ലിം ജമാഅത്ത് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.
‘കഴിഞ്ഞ ദിവസം തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ മനുഷ്യത്വവിരുദ്ധ തീവ്രനവലിബറൽ ഫാസിസ്റ്റ് പ്രചാരകനായ രവിചന്ദ്രന്റെ നേതൃത്വത്തിലുള്ള എസ്സെൻസ് നടത്തിയ ലിറ്റ്മസ് പരിപാടിയിൽ മലപ്പുറം ജില്ലയിലെ മുസ്ലിം പെൺകുട്ടികളുടെ മതപരമായ വേഷവിധാനത്തെ പരസ്യമായി അധിക്ഷേപിച്ചും തലയിലെ തട്ടം അഴിപ്പിക്കുന്നതിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ മഹത്വം വിവരിച്ചും നടത്തിയ പ്രസംഗം മുസ്ലിം സമുദായത്തോടുള്ള വെല്ലുവിളിയാണ്. ഇതിനെ തള്ളിപ്പറയാനും പരസ്യമായി തിരുത്തിക്കാനും സി.പി.എം തയ്യാറാകണം’ – കമ്മിറ്റി പറഞ്ഞു.
മനുഷ്യത്വ വിരുദ്ധ നവലിബറൽ ഫാസിസ്റ്റ് ആശയക്കാരുടെ കൈയ്യടിക്ക് വേണ്ടി ഒരു സമുദായത്തെ അസത്യം പറഞ്ഞ് അടച്ചാക്ഷേപിക്കുന്നതിൽ നിന്നും എല്ലാവരും പിൻമാറണം. മലപ്പുറം ജില്ലയിൽ ഉൾപ്പെടെ മുസ്ലിം സമുദായം വിദ്യാഭ്യാസരംഗത്തടക്കം നേടിയെടുത്ത മുന്നേറ്റത്തെക്കുറിച്ച് ബോധ്യമുള്ള ഒരാളും ഇത്തരത്തിലുള്ള വിവരക്കേട് വിളിച്ച് പറയില്ലെന്നും മുസ്ലിം ജമാഅത്ത് ജില്ലാ കമ്മിറ്റി കൂട്ടിച്ചേർത്തു.
ഇതിനിടെ അനിൽ കുമാറിന്റെ പ്രസ്ഥാവന സി.പി.എം നിലപാടല്ലെന്ന് കെ.ടി ജലീൽ ഫെയ്സ്ബുക്ക് പേജിൽ കുറിച്ചു. ആലപ്പുഴ എം.പി ആരിഫ് ഇത് ഷെയർ ചെയ്യുകയും ചെയ്തു. അനിൽ കുമാറിന്റെ പരാമർശത്തിനെതിരെ മുസ്ലിം സംഘടനകൾ ഒന്നടങ്കം രംഗത്ത് ഇറങ്ങിയിരിക്കുകയാണ്. ഇതിൽ നിന്ന് തടിയൂരാൻ മാർഗം തേടുകയാണ് സി.പി.എം നേതൃത്വം.