Crime
സ്വത്തുവിവരങ്ങൾ ഹാജരാക്കാതെ കണ്ണൻ. ഈ മാസം അഞ്ചിനകം രേഖകള്‍ ഹാജരാക്കണമെന്ന്അന്ത്യശാസനം നൽകി ഇ.ഡി.

തൃശ്ശൂര്‍: കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ ഇ ഡി ആവശ്യപ്പെട്ടതനുസരിച്ച് സ്വത്തുവിവരങ്ങള്‍ ഹാജരാക്കാതെ കേരള ബാങ്ക് വൈസ് ചെയര്‍മാന്‍ എം.കെ. കണ്ണന്‍. കണ്ണന്റെയും ബന്ധുക്കളുടേയും ആസ്തി വിവരങ്ങള്‍ ഹാജരാക്കാന്‍ ഇ.ഡി. പലതവണ ആവശ്യപ്പെട്ടിരുന്നു. അന്ത്യശാസനമായി ഈ മാസം അഞ്ചിനകം രേഖകള്‍ ഹാജരാക്കണമെന്ന് ഇ.ഡി. നിര്‍ദേശിച്ചിട്ടുണ്ട്.
അന്വേഷണത്തോട് കണ്ണൻ യാതൊരു തരത്തിലും സഹകരിക്കുന്നില്ലെന്നാണ് എന്‍ഫോഴ്‌സ്‌മെന്റ് വൃത്തങ്ങള്‍ പറയുന്നത്. കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരമുള്ള കേസില്‍ ബന്ധുക്കളുടേതുള്‍പ്പടെയുള്ള ആസ്തി വിവരങ്ങള്‍, ആദായനികുതി റിട്ടേണുകള്‍, ബിസിനസിനെ പറ്റിയുള്ള വിവരങ്ങള്‍ തുടങ്ങിയ വിശദാംശങ്ങള്‍ സമര്‍പ്പിക്കേണ്ടതുണ്ട്. എന്നാല്‍ അദ്ദേഹം പാന്‍കാര്‍ഡ് പോലും സമര്‍പ്പിച്ചിട്ടില്ല എന്നാണ് ഇ.ഡി. വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്. ഒടുവിൽ ഒക്ടോബര്‍ അഞ്ചിനകം രേഖകള്‍ സമര്‍പ്പിക്കണമെന്ന് ഇ.ഡി. കർശന നിര്‍ദ്ദേശം നൽകിയിട്ടുണ്ട്.
കഴിഞ്ഞ ദിവസം വിറയൽ അനുഭവപ്പെട്ടതിനെ തുടർന്ന് എം.കെ. കണ്ണൻ്റെ ചോദ്യം ചെയ്യൽ ഇ.ഡിക്ക് പൂർത്തിയാക്കാനായിരുന്നില്ല. ചോദ്യംചെയ്യാനായി വീണ്ടും നോട്ടീസ് നല്‍കും. എം.കെ. കണ്ണന്‍ പ്രസിഡന്റായ തൃശ്ശൂര്‍ സഹകരണ ബാങ്കില്‍, കരുവന്നൂര്‍ കള്ളപ്പണക്കേസിലെ മുഖ്യപ്രതിയായ പി. സതീഷ്‌കുമാറിന് വന്‍ നിക്ഷേപമുണ്ടെന്നും ആര്‍.ബി.ഐ. ചട്ടത്തിന് വിരുദ്ധമായി ഒരുദിവസം തന്നെ വലിയ തുകയുടെ ഇടപാട് നടത്തിയെന്നടക്കം ഇ.ഡി. ചൂണ്ടിക്കാട്ടുന്നു.