Connect with us

Education

അതിദരിദ്ര വിഭാഗത്തിൽപ്പെട്ട വിദ്യാർഥികൾക്ക് കെഎസ്ആർടിസി – പ്രൈവറ്റ് ബസുകളിൽ സൗജന്യ യാത്ര

Published

on

തിരുവനന്തപുരം: സംസ്ഥാനത്തെ അതിദരിദ്ര വിഭാഗത്തിൽപ്പെട്ട കുടുംബങ്ങളിലെ വിദ്യാർഥികൾക്ക് കെഎസ്ആർടിസി – പ്രൈവറ്റ് ബസുകളിൽ സൗജന്യ യാത്ര അനുവദിച്ചുകൊണ്ടുള്ള സർക്കാർ ഉത്തരവിറങ്ങി. നവംബർ ഒന്നു മുതൽ നിർദേശം പ്രാബല്യത്തിൽവരും. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ഓഗസ്റ്റ് 18 ചേർന്ന യോഗത്തിലെടുത്ത തീരുമാനത്തിന്‍റെ അടിസ്ഥാനത്തിലാണ് ഉത്തരവ്.

സംസ്ഥാനത്തെ അതിദരിദ്രരെ കണ്ടെത്താൻ പരിശോധനയിൽ 64,006 കുടുംബങ്ങളുണ്ടെന്നാണു കണ്ടെത്തിയത്.മൊത്തം അതിദാരിദ്ര്യത്തിന്‍റെ 13.4% മലപ്പുറത്തും 11.4% തിരുവനന്തപുരത്തുമാണ്. കുറവ് കോട്ടയത്താണ്.

പ്രധാനമായും 4 ക്ലേശ ഘടകങ്ങളാണ് അതിദാരിദ്ര്യ നിർണയത്തിലുള്ളത്. ഭക്ഷണം, ആരോ​ഗ്യം, വരുമാനം, വാസസ്ഥലം എന്നിവയാണവ. ഭക്ഷണം മാത്രം ക്ലേശകരമായ 4,736 കുടുംബങ്ങളാണുള്ളത്. ആരോ​ഗ്യം ക്ലേശകരമായ 28,663 വ്യക്തികൾ ഉൾപ്പെട്ട 13,753 കുടുംബങ്ങളുണ്ട്. വരുമാനം മാത്രം ക്ലേശകരമായ 1,705 കുടുംബങ്ങളും ഭക്ഷണവും ആരോ​ഗ്യവും ക്ലേശകരമായ 8,671 കുടുംബങ്ങളുമാണുള്ളത്.

2025 നവംബർ ഒന്നിന് അതിദരിദ്ര മുക്ത സംസ്ഥാനമായി പ്രഖ്യാപിക്കുകയാണ് സർക്കാർ ലക്ഷ്യം. 2023, 2024 വർഷങ്ങളിൽ ഒന്ന്, രണ്ട് ഘട്ട പ്രഖ്യാപനം നടത്താനും തീരുമാനിച്ചിട്ടുണ്ട്. ഓരോ വിഭാ​ഗങ്ങളിൽ എത്ര കുടുംബങ്ങളെ ഇതുവരെ ദാരിദ്ര്യത്തിൽ നിന്ന് മോചിപ്പിച്ചു എന്ന് പ്രത്യേകം പ്രഖ്യാപിക്കും.

Continue Reading