Connect with us

Education

കണ്ണൂര്‍ വി.സി നിയമനക്കേസില്‍ സംസ്ഥാന സർക്കാറിന്റെ വാദം തള്ളി സുപ്രീം കോടതി

Published

on

ന്യൂഡല്‍ഹി: കണ്ണൂര്‍ സര്‍വകലാശാല വി.സി. ഡോ. ഗോപിനാഥ് രവീന്ദ്രന്റെ പുനര്‍നിയമനവുമായി ബന്ധപ്പെട്ട കേസില്‍ സർക്കാറിന് തിരിച്ചടി. കേസിൽ  സുപ്രധാന നിരീക്ഷണവുമായി സുപ്രീംകോടതി. നിയമത്തില്‍ വ്യവസ്ഥ ചെയ്തിരിക്കുന്ന യോഗ്യത മാനദണ്ഡം പാലിച്ചുകൊണ്ട് മാത്രമേ പുനര്‍നിയമനം നടത്താന്‍ കഴിയൂവെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് ചൂണ്ടിക്കാട്ടി. പുനര്‍നിയമനം ചോദ്യംചെയ്ത് നല്‍കിയ ഹര്‍ജികള്‍ സുപ്രീംകോടതി വിധി പറയാനായി മാറ്റി.

കണ്ണൂര്‍ സര്‍വ്വകലാശാല നിയമ പ്രകാരം 60 വയസ് കഴിഞ്ഞവരെ വൈസ് ചാന്‍സലറായി നിയമിക്കാന്‍ കഴിയില്ല. എന്നാല്‍ പുനര്‍നിയമനത്തിന് ഈ ചട്ടം ബാധകമല്ലെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ വാദം. ഇക്കാര്യം കോടതിയില്‍ ഉന്നയിക്കപ്പെട്ടപ്പോഴാണ് പുനര്‍നിയമനത്തിനും ചട്ട പ്രകാരമുള്ള യോഗ്യത മാനദണ്ഡം പാലിക്കണമെന്ന് ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ്  നിരീക്ഷിച്ചത്.
പുനര്‍നിയമനത്തിന് യോഗ്യത മാനദണ്ഡത്തില്‍ ഇളവ് അനുവദിക്കാന്‍ കഴിയുമോ എന്ന് ചാന്‍സലറായ ഗവര്‍ണര്‍ക്ക് വേണ്ടി ഹാജരായ അറ്റോര്‍ണി ജനറലിനോട് സുപ്രീംകോടതി ആരാഞ്ഞു. ചട്ട പ്രകാരമുള്ള ഇളവ് അനുവദിക്കാന്‍ കഴിയില്ലെന്ന് അറ്റോര്‍ണി ജനറല്‍ ആര്‍. വെങ്കിട്ടരമണി കോടതിയെ അറിയിച്ചു. തുടര്‍ന്ന് എല്ലാ കക്ഷികളുടെയും വാദം കേട്ട കോടതി ഹര്‍ജികള്‍ വിധി പറയാനായി മാറ്റി.

കണ്ണൂര്‍ സര്‍വകലാശാല സെനറ്റംഗം ഡോക്ടര്‍ പ്രേമചന്ദ്രന്‍ കീഴോത്ത്, അക്കാദമിക് കൗണ്‍സില്‍ അംഗം ഷിനോ പി. ജോസ് എന്നിവരാണ് ഡോ. ഗോപിനാഥ് രവീന്ദ്രന്റെ പുനര്‍നിയമനം ചോദ്യംചെയ്ത് സുപ്രീംകോടതിയെ സമീപിച്ചത്. ഇരുവര്‍ക്കും വേണ്ടി സീനിയര്‍ അഭിഭാഷകന്‍ ദാമ ശേഷാദ്രി നായിഡു, അഭിഭാഷകന്‍ അതുല്‍ ശങ്കര്‍ വിനോദ് എന്നിവര്‍ ഹാജരായി. സംസ്ഥാന സര്‍ക്കാരിന് വേണ്ടി മുന്‍ അറ്റോര്‍ണി ജനറല്‍ കെ.കെ. വേണുഗോപാല്‍, സ്റ്റാന്റിങ് കോണ്‍സല്‍ നിഷേ രാജന്‍ ഷൊങ്കര്‍ എന്നിവര്‍ ഹാജരായി.

Continue Reading