KERALA
യുഡിഎഫിന്റെ സെക്രട്ടറിയേറ്റ് ഉപരോധം ആരംഭിച്ചു

തിരുവനന്തപുരം: സർക്കാരിനെതിരായുള്ള യുഡിഎഫിന്റെ സെക്രട്ടറിയേറ്റ് ഉപരോധം ആരംഭിച്ചു. രാവിലെ ആറിന് തുടങ്ങി ഉച്ചയ്ക്ക് 12 വരെയാണ് ഉപരോധം. ‘സർക്കാരല്ലിത് കൊള്ളക്കാർ’ എന്ന മുദ്രാവാക്യം ഉയർത്തിയാണ് പ്രതിപക്ഷം സെക്രട്ടറിയേറ്റ് വളയുന്നത്.
വിലക്കയറ്റം, അഴിമതി, സഹകരണ ബാങ്ക് കൊള്ള, കർഷകരോടുള്ള അവഗണന, ക്രമസമാധാന തകർച്ച തുടങ്ങിയ വിഷയങ്ങൾ ഉന്നയിച്ചാണ് സമരം. കന്റോൺമെന്റ് ഗേറ്റ് ഒഴികെ സെക്രട്ടറിയേറ്റിലേക്കുള്ള എല്ലാ വഴികളും വളഞ്ഞിരിക്കുകയാണ്. അഞ്ച് മാസത്തിനിടെ രണ്ടാമത്തെ സെക്രട്ടറിയേറ്റ് ഉപരോധ സമരമാണ് യു ഡി എഫ് നടത്തുന്നത്. പത്തുമണിക്ക് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഉപരോധസമരം ഉദ്ഘാടനം ചെയ്യും. അരലക്ഷത്തോളം പ്രവർത്തകർ പങ്കെടുക്കുന്നുണ്ട്..ഉപരോധത്തെത്തുടർന്ന് കനത്ത സുരക്ഷയാണ് പൊലീസ് ഒരുക്കിയിരിക്കുന്നത്. ഉപരോധത്തിന്റെ ഭാഗമായി തലസ്ഥാനത്ത് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. രാവിലെ ആറുമുതൽ ഗതാഗത ക്രമീകരണം ഏർപ്പെടുത്തുമെന്ന് തിരുവനന്തപുരം സിറ്റി പൊലീസ് കഴിഞ്ഞദിവസം അറിയിച്ചിരുന്നു.
ഗതാഗത നിയന്ത്രണം ഇങ്ങനെ:
വെള്ളയമ്പലത്തുനിന്ന് കിഴക്കേക്കോട്ട ഭാഗത്തേയ്ക്ക് പോകുന്ന വാഹനങ്ങൾ വഴുതക്കാട്-തൈക്കാട് -തമ്പാനൂർ വഴിയും, വഴുതക്കാട്- കലാഭവൻ മണി റോഡ്- പനവിള വഴിയും കടത്തിവിടും.
പട്ടത്തുനിന്ന് കിഴക്കേക്കോട്ടയിലേയ്ക്ക് പോകുന്ന വാഹനങ്ങൾ എൽ എം എസിൽ ഭാഗത്തുനിന്ന് തിരിഞ്ഞ് ബേക്കറി ജംഗ്‌ഷൻ-ഫ്ളൈ ഓവർ വഴിയും ആശാൻ സ്‌ക്വയർ ഭാഗത്തുനിന്ന് കിഴക്കേക്കോട്ടയിലേയ്ക്ക് പോകേണ്ടവർ പാളയം അണ്ടർപാസ്-ബേക്കറി-ഫ്ളൈ ഓവർ വഴി പോകണം.
കിഴക്കേക്കോട്ടയിൽ നിന്ന് വെള്ളയമ്പലം ഭാഗത്തേയ്ക്ക് പോകേണ്ടവർ ഓവർബ്രിഡ്‌ജ്- തമ്പാനൂർ-ഫ്ളൈ ഓവർ-തൈക്കാട്-മേട്ടുക്കട-വഴുതക്കാട് വഴി പോകണം.
പട്ടം ഭാഗത്തേയ്ക്ക് പോകേണ്ടവർ തമ്പാനൂ-പനവിള-ബേക്കഖറി-ഫ്ളൈ ഓവർ- അണ്ടർ പാസേജ്-ആശാൻ സ്‌ക്വയർ- പി എം ജി വഴി പോകണം.
ചാക്ക ബൈപ്പാസ് വഴി പോകേണ്ടവർ അട്ടക്കുളങ്ങര- ഈഞ്ചയ്ക്ക്ൽ വഴി പോകണം.
ഉപരോധവുമായി ബന്ധപ്പെട്ട് പ്രവർത്തകരെ എത്തിക്കുന്ന വാഹനങ്ങൾ ആറ്റുകാൽ ക്ഷേത്രം പാർക്കിംഗ് ഗ്രൗണ്ട്, ഈഞ്ചക്കൽ ബൈപ്പാസ് എന്നിവിടങ്ങളിലായിരിക്കും പാർക്ക് ചെയ്യുന്നത്.