KERALA
രാഷ്ട്രീയ പാർട്ടികൾ നിൽക്കേണ്ടിടത്ത് നിൽക്കണം ക്ഷേത്രങ്ങളിൽ ബി ജെ പി അടക്കമുള്ള പാർട്ടികളുടെ രാഷ്ട്രീയം വേണ്ട

ആലപ്പുഴ: വിശ്വാസവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ആ വഴിക്കുപോകണമെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ കെ പി ശശികല. രാഷ്ട്രീയ പാർട്ടികൾ നിൽക്കേണ്ടിടത്ത് നിൽക്കണമെന്നും ക്ഷേത്രങ്ങളിൽ ബി ജെ പി അടക്കമുള്ള പാർട്ടികളുടെ രാഷ്ട്രീയം വേണ്ടെന്നും അവർ മാദ്ധ്യമങ്ങളോട് പറഞ്ഞു.
വിവാദ ഉത്തരവ് നിങ്ങളൊക്കെ ശ്രദ്ധിച്ചുകാണും. അതിനകത്ത് പറഞ്ഞിരിക്കുന്നത് ക്ഷേത്രങ്ങളിൽ ഒരേ കളറിലുള്ള അലങ്കാരം പാടില്ലെന്നാണ്. ഇതൊരു ജനാധിപത്യ സംവിധാനമല്ലേ. എന്ത് അലങ്കരിക്കണമെന്ന് തീരുമാനിക്കേണ്ടത് മുകളിലുള്ളവരാണോ. അതോ അത് തീരുമാനിക്കേണ്ടത് ആ ക്ഷേത്രത്തിന്റെ ഉപദേശക സമിതിയോ. ക്ഷേത്രത്തിലെ ഭക്തരോ. അവരല്ലേ അവിടെ ഏത് കളറാണ് വേണ്ടതെന്ന് തീരുമാനിക്കേണ്ടത്.നിങ്ങൾ ഏത് നിറത്തെയാണ് ഭയക്കുന്നതെന്ന് ഞങ്ങൾക്കറിയാം. അതിന് ഞങ്ങൾക്കൊരു പ്രശ്നവും ഇല്ല. കാവിയെയാണ് ഭയക്കുന്നതെങ്കിൽ, ഭാരത സംസ്‌കാരത്തിന്റെ അടിത്തറയാണത്. അതിനെയാണ് ഭയക്കുന്നതെങ്കിൽ ഞങ്ങൾക്കൊരു വിഷയവുമില്ല. ഭക്ത ജനങ്ങൾ ഒന്നിച്ച് കാവി വസ്ത്രമണിഞ്ഞ് പോയാൽ ഇവർ എന്താ ചെയ്യുക. നിയന്ത്രിക്കാൻ സാധിക്കുമോ, നിരോധിക്കാൻ സാധിക്കുമോ. ആകാശത്തുകൂടെ കെട്ടിത്തൂക്കുന്ന രണ്ട് അലങ്കാരത്തിലാണ് ഹൈന്ദവ ധർമത്തിന്റെ അടിത്തറയെന്ന് അവർ വിശ്വസിച്ചുപോയോ. എന്തിനാണ് ഇതുപോലത്തെ കോമാളിത്തരം കാണിക്കുന്നത്. ഒരു നിറം പാടില്ലെന്ന് പറഞ്ഞാൽ രണ്ടോ മൂന്നോ ആകാമോ. പാർട്ടിയുടെ പ്രതീകങ്ങളോ ചിഹ്നങ്ങളോ പ്രതിനിധീകരിക്കുന്ന ഒന്നും പാടില്ലെന്ന് പറഞ്ഞാൽ മനസിലാക്കാം. അത് ഒരു പ്രസ്ഥാനത്തിന്റെയും ആകാൻ പാടില്ല.’ശശികല വ്യക്തമാക്കി. അതേസമയം, സി പി എമ്മിൽനിന്ന് ക്ഷേത്രഭരണം പിടിച്ചെടുത്ത് ബി ജെ പിക്കു നൽകാനുള്ള ഉദ്ദേശ്യം ഹൈന്ദവ സംഘടനകൾക്കില്ലെന്നും ശശികല വ്യക്തമാക്കി.