Crime
ബോംബുകളുടെ സ്വിച്ച് ഓണ്‍ ചെയ്യാന്‍ ആദ്യം മാര്‍ട്ടിന്‍ മറന്ന് പോയെന്ന് മൊഴി

കൊച്ചി: കളമശ്ശേരി സ്‌ഫോടനത്തിന് ഉപയോഗിച്ച ബോംബുകളുടെ സ്വിച്ച് ഓണ്‍ ചെയ്യാന്‍ ആദ്യം മാര്‍ട്ടിന്‍ ഡൊമിനിക് മറന്ന് പോയെന്ന് മൊഴി. മെഡിക്കല്‍ കോളേജിന് സമീപത്തുനിന്ന് റിമോട്ടിലെ സ്വിച്ച് അമര്‍ത്തിയെങ്കിലും സ്‌ഫോടനമുണ്ടായില്ലെന്നും ഇയാൾ പോലീസിനോട് പറഞ്ഞു.
രാവിലെ 7.30-ഓടെ സാമ്ര കണ്‍വെന്‍ഷന്‍ സെന്ററിലെത്തിയ പ്രതി കൈയിലുണ്ടായിരുന്ന ബോംബ് സെന്ററില്‍ സ്ഥാപിച്ചു. ഈ സമയത്ത് ഹാളിലുണ്ടായിരുന്നത് വെറും മൂന്ന് പേര്‍ മാത്രമായിരുന്നു. പിന്നീട്, സെന്ററില്‍ നിന്ന് പുറത്തെത്തിയ ഇയാള്‍ ആളുകള്‍ വന്നുതുടങ്ങുന്ന സമയത്ത് സെന്ററില്‍നിന്ന് മാറിനിന്ന് ബോംബ് സ്ഫോടനം നടത്താൻ ശ്രമിച്ചു. എന്നാല്‍, ബോംബ് സ്വിച്ച് ഓണ്‍ ചെയ്യാന്‍ മറന്നതിനാല്‍ സ്‌ഫോടനമുണ്ടായില്ലെന്നാണ് പോലീസിന് പ്രതി നൽകിയ മൊഴി.
തനിക്ക് പിഴവ് പറ്റിയെന്ന് തിരിച്ചറിഞ്ഞതോടെ ബോംബ് സ്ഥാപിച്ച സ്ഥലത്ത് പ്രതി വീണ്ടുമെത്തി ബോംബിന്റെ സ്വിച്ച് ഓണ്‍ ചെയ്തു. ഇതിനുശേഷമാണ് ഇയാള്‍ ഹാളിന്റെ ഏറ്റവും പിറകില്‍ വന്നുനിന്നത്. പിന്നീട്, പ്രാർഥനാസമയത്ത് റിമോട്ട് കൺട്രോൾ ഉപയോഗിച്ച് സ്ഫോടനം നടത്തുകയായിരുന്നു
കൃത്യമായ ആസൂത്രണത്തിനൊടുവിലാണ് മാർട്ടിൻ പദ്ധതി നടപ്പിലാക്കിയതെന്നാണ് പോലീസിന്റെ നിഗമനം. ശനിയാഴ്ചയും ഇയാൾ സെന്ററിലെത്തിയിരുന്നു. ഞാറാഴ്ച പ്രാർഥന അവസനിക്കുമെന്നതിനാൽ അന്നുതന്നെ സ്ഫോടനം നടത്തണമെന്ന് ഇയാൾ നിശ്ചയിച്ചിരുന്നു