KERALA
മുസ്‌ലിം ലീഗിനെ പ്രശംസിച്ച് എ.കെ. ബാലന്‍ .രാജ്യത്തെ ബാധിക്കുന്ന പ്രധാനപ്പെട്ട വിഷയങ്ങളില്‍ അന്തസുള്ള സമീപനമാണ് ലീഗിന്

തിരുവനന്തപുരം: മുസ്‌ലിം ലീഗിനെ പ്രശംസിച്ച് വീണ്ടും സി.പി.എം. രാജ്യത്തെ ബാധിക്കുന്ന പ്രധാനപ്പെട്ട വിഷയങ്ങളില്‍ അന്തസുള്ള സമീപനമാണ് ലീഗിനെന്ന് സി.പി.എം. കേന്ദ്രകമ്മിറ്റി അംഗം എ.കെ. ബാലന്‍ പറഞ്ഞു. കോണ്‍ഗ്രസിന്റെ കക്ഷത്തിലുള്ള കീറസഞ്ചിയല്ല ലീഗെന്നും തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു.
‘രാജ്യത്തെ ബാധിക്കുന്ന പ്രധാനപ്പെട്ട പ്രശ്‌നങ്ങളില്‍ അന്തസുള്ള സമീപനമാണ് മുസ്‌ലിം ലീഗ് സ്വീകരിക്കാറുള്ളത്. രാഷ്ട്രീയപാര്‍ട്ടി എന്ന നിലയില്‍ തങ്ങള്‍ക്ക് ലീഗുമായി അഭിപ്രായവ്യത്യാസമുണ്ട്. എന്നാല്‍ ജനങ്ങളെയും രാജ്യത്തെയും ബാധിക്കുന്ന പ്രശ്‌നങ്ങളില്‍ ഇടതുപക്ഷവും സി.പി.എമ്മും സ്വീകരിക്കുന്ന സമീപനത്തോട് അനുകൂലമായ പ്രതികരണമാണ് ലീഗിന്റെ ഭാഗത്തുനിന്ന് ഉണ്ടാകാറുള്ളത്.’ -ബാലന്‍ പറഞ്ഞു.
‘പലസ്തീനുമായി ബന്ധപ്പെട്ട് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ മാസ്റ്ററുടെ പരാമര്‍ശത്തെ തെറ്റായ രൂപത്തില്‍ പ്രചരിപ്പിക്കുന്നതിന് പ്രതിപക്ഷനേതാവ് ശ്രമിച്ചപ്പോള്‍ അതിനെതിരെ ശക്തമായ നിലപാടാണ് ലീഗ് സ്വീകരിച്ചത്. ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞ കാര്യം അക്ഷരാര്‍ത്ഥത്തില്‍ ശരിയാണെന്ന് പൊതുസമൂഹത്തിനോട് പറഞ്ഞ ലീഗിന്റെ സമീപനം ശ്ലാഘനീയമാണ്.’
‘പലസ്തീന്‍ വിഷയത്തില്‍ നടത്തുന്ന റാലിയിലേക്ക് ക്ഷണിച്ചാല്‍ വരാന്‍ സന്നദ്ധമാണ് എന്ന് ലീഗ് നേതാവ് ഇ.ടി. മുഹമ്മദ് ബഷീര്‍ പറഞ്ഞു. പലസ്തീന്‍ വിഷയത്തിലെ കോണ്‍ഗ്രസിന്റെ സമീപനത്തോട് യോജിക്കാന്‍ കഴിയാത്ത സാഹചര്യം ലീഗിന് വന്നുചേര്‍ന്നുവെന്നത് രാഷ്ട്രീയപ്രാധാന്യമുള്ള വിഷയമാണ്.'”