Crime
കൊറോണ രക്ഷക് പോളിസി”യുടെ ക്ലെയിം നിരസിച്ചതിന് സ്റ്റാർ ഹെൽത്ത് ഇൻഷ്വറൻസ് കമ്പനി നഷ്ടപരിഹാരമുൾപ്പെടെ 1,20,000 രൂപ നൽകാൻ ഉത്തരവിട്ടു. 

കൊച്ചി: കൊവിഡുമായി ബന്ധപ്പെട്ട ആരോഗ്യ ഇൻഷ്വറൻസ് പദ്ധതിയായ ‘കൊറോണ രക്ഷക് പോളിസി”യുടെ ക്ലെയിം നിരസിച്ചതിന് നഷ്ടപരിഹാരമുൾപ്പെടെ 1,20,000 രൂപ നൽകാൻ എറണാകുളം ജില്ല ഉപഭോക്തൃ തർക്ക പരിഹാര കോടതി ഉത്തരവിട്ടു. കമ്മിഷൻ പ്രസിഡന്റ് ഡി.ബി. ബിനു, അംഗങ്ങളായ വൈക്കം രാമചന്ദ്രൻ, ടി.എൻ. ശ്രീവിദ്യ എന്നിവരുടെ ബെഞ്ചാണ് ഉത്തരവ് നൽകിയത്
മൂവാറ്റുപുഴ സ്വദേശി കെ.ആർ. പ്രസാദിന്റെ പരാതിയിലാണ് നടപടി. ക്ലെയിം തുകയായ ഒരു ലക്ഷം രൂപയും നഷ്ടപരിഹാരമായി 20,000 രൂപയും 30 ദിവസത്തിനകം സ്റ്റാർ ഹെൽത്ത് ഇൻഷ്വറൻസ് കമ്പനി നൽകണം. കമ്പനി നടപടി നിയമവിരുദ്ധവും മനുഷ്യത്വരഹിതവുമാണെന്ന് കോടതി വിലയിരുത്തി.
2020 ജൂലായിലാണ് പോളിസിയെടുത്തത്. 2021 ജനുവരിയിൽ കൊവിഡ് ബാധിച്ച് നാലുദിവസം മുവാറ്റുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ നേടി. ചികിത്സയ്ക്ക് ചെലവായ തുകയുടെ ക്ലെയിം ഇൻഷ്വറൻസ് കമ്പനി നിരസിച്ചു. ‘ബ്രോങ്കൈറ്റിസ് ആസ്ത്‌മ” എന്ന അസുഖമുണ്ടെന്ന വിവരം മറച്ചുവച്ചെന്ന കാരണം പറഞ്ഞാണ് ക്യാഷ്ലെസ് ക്ലെയിം നിരസിച്ചത്. ഓംബുഡ്‌സ് മാന് പരാതി നൽകിയെങ്കിലും അനുകൂല ഉത്തരവ് ലഭിക്കാത്തതിനാൽ ജില്ലാ ഉപഭോതൃ തർക്ക പരിഹാര കോടതിയെ സമീപിക്കുകയായിരുന്നു.ഡിസ്ചാർജ് സമ്മറിയിൽ ‘ബ്രോങ്കൈറ്റിസ് ആസ്ത്മ” ഉണ്ടെന്ന സൂചന മാത്രമാണുള്ളതെന്നും സംശയരഹിതമായ നിഗമനമായി അതിനെ കണക്കാക്കാൻ കഴിയില്ലെന്നും കോടതി പറഞ്ഞു. കമ്പനിയുടേത് അധാർമ്മിക വ്യാപാരരീതിയാണെന്നും വിലയിരുത്തി.കൊവിഡിന്റെ പ്രത്യാഘാതങ്ങൾക്കും വർദ്ധിച്ച ചികിത്സാച്ചെലവിനും ആശ്വാസമാകുമെന്ന വാഗ്ദാനത്തോടെയാണ് ഇൻഷ്വറൻസ് കമ്പനികൾ കൊവിഡ് സ്‌പെഷ്യൽ പോളിസികൾ അവതരിപ്പിച്ചത്. സാങ്കേതികകാര്യങ്ങൾ ചൂണ്ടിക്കാട്ടി അർഹതപ്പെട്ട ചികിത്സാ ആനുകൂല്യം നിഷേധിക്കുന്നത് അനുവദിക്കാനാവില്ലെന്ന് ഉത്തരവിൽ ചൂണ്ടിക്കാട്ടുന്നു. ഹർജിക്കാരനുവേണ്ടി അഡ്വ. ടോം ജോസഫ് ഹാജരായി.