KERALA
കര്‍ഷകരോട് ഈ സര്‍ക്കാര്‍ കാണിക്കുന്ന ക്രൂരമായ അവഗണനയുടെ അവസാനത്തെ ആളാണ് ആത്മഹത്യ ചെയ്ത പ്രസാദ്

ആലപ്പുഴ: കുട്ടനാട്ടില്‍ കര്‍ഷകന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഉത്തരവാദി സര്‍ക്കാരാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. സര്‍ക്കാര്‍ ബാങ്കുകള്‍ക്ക് പണം നല്‍കാത്തത് കര്‍ഷകരുടെ ലോണിനെ ഗുരുതരമായി ബാധിച്ചിട്ടുണ്ട്.
കര്‍ഷകരോട് ഈ സര്‍ക്കാര്‍ കാണിക്കുന്ന ക്രൂരമായ അവഗണനയുടെ അവസാനത്തെ ആളാണ് ആത്മഹത്യ ചെയ്ത പ്രസാദ് എന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. ഇനിയും ഇതേ സമീപനം സര്‍ക്കാര്‍ തുടര്‍ന്നാല്‍ കര്‍ഷക ആത്മഹത്യ വര്‍ധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സര്‍ക്കാര്‍ ഇപ്പോഴും ധനപ്രതിസന്ധിയുണ്ടെന്ന് ഹൈക്കോടതിയില്‍ സമ്മതിച്ചെങ്കിലും മുഖ്യമന്ത്രിക്ക് അത് സമ്മതിക്കാന്‍ മടിയാണ്. അതീവ ഗുരുതര സാമ്പത്തിക പ്രതിസന്ധിയാണ് കേരളത്തില്‍. വലിയ കടക്കെണിയിലേക്കാണ് കേരളം കൂപ്പുകുത്തിക്കൊണ്ടിരിക്കുന്നത്. ഒരാവശ്യത്തിനും നല്‍കാന്‍ സര്‍ക്കാരിന്റെ കൈവശം പണമില്ല.
സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ 4 മാസമായി കൊടുത്തിട്ടില്ല. രണ്ട് വയോധികര്‍ അതിനായി തെരുവിലിറങ്ങി ഭിക്ഷയെടുക്കേണ്ടിവരെ വന്നു. 80 വയസുകഴിഞ്ഞ ഈ പാവപ്പെട്ട സ്ത്രീകളെയാണ് സിപിഐഎം സൈബര്‍ സെല്ലുകള്‍ ആക്രമിക്കുന്നത്.
ഒരു ലക്ഷം പേര്‍ പെന്‍ഷന്റെ പരിഷ്‌കരണ കുടിശിക കിട്ടാതെ മരണപ്പെട്ടു. പണമില്ലാത്തതില്‍ കേന്ദ്രത്തെയാണ് സംസ്ഥാനം കുറ്റപ്പെടുത്തുന്നത്. ജനങ്ങളെ വിഡ്ഡികളാക്കരുതെന്നും വി ഡി സതീശന്‍ രൂക്ഷമായി പ്രതികരിച്ചു.”