KERALA
കര്‍ഷകന്റെ ആത്മഹത്യയ്‌ക്ക് ഉത്തരവാദി പിണറായി സര്‍ക്കാർ കര്‍ഷകര്‍ക്ക് കൊടുക്കാന്‍ പണമില്ല, കേരളീയത്തിന് ചെലവഴിക്കാന്‍ പണമുണ്ട്.

പത്തനംതിട്ട: കുട്ടനാട്ടിലെ കര്‍ഷകന്റെ ആത്മഹത്യയ്‌ക്ക് ഉത്തരവാദി പിണറായി സര്‍ക്കാരാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. മുഖ്യമന്ത്രി പിണറായി സര്‍ക്കാരിന്റെ മനഃസാക്ഷിയില്ലാത്ത നയങ്ങളാണ് കുട്ടനാട്ടിലെ കർഷകൻ പ്രസാദിന്റെ മരണത്തിന് കാരണമെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പ്രസാദിന്റെ ഭൗതിക ശരീരം തിരുവല്ല ആശുപത്രിയിൽ സന്ദർശിച്ച ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുന്നു സുരേന്ദ്രൻ.
കര്‍ഷകര്‍ക്ക് കൊടുക്കാന്‍ പണമില്ല, കേരളീയത്തിന് ചെലവഴിക്കാന്‍ പണമുണ്ട്. അതാണ് ഇവിടുത്തെ സ്ഥിതിയെന്നും സുരേന്ദ്രന്‍ കുറ്റപ്പെടുത്തി. നെല്‍കര്‍ഷകര്‍ക്ക് കേന്ദ്രം അനുവദിക്കുന്ന തുക നെല്ലിന്റെ സംഭരണവിലയില്‍ നാലില്‍ മൂന്നുഭാഗവും നല്കുന്നത് കേന്ദ്രമാണ്. ആ തുക കര്‍ഷകര്‍ക്ക് നേരിട്ടു കൊടുക്കാതെ സര്‍ക്കാര്‍ വകമാറ്റി ചെലവഴിക്കുകയാണ്. എന്നിട്ട് കര്‍ഷകരോട് ബാങ്കില്‍ നിന്ന് വായ്പയെടുക്കണമെന്ന് പറയുകയാണ്. അങ്ങനെ കര്‍ഷകര്‍ വായ്പയെടുത്തിട്ട് സര്‍ക്കാര്‍ അത് തിരിച്ചടയ്‌ക്കുന്നില്ല. അതിന്റെ ഫലമായി തുടര്‍കൃഷിക്ക് കര്‍ഷകര്‍ക്ക് ബാങ്കുകള്‍ വായ്പ നല്കുന്നില്ല. ഇതാണ് പച്ചായ സത്യമെന്നും സുരേന്ദ്രന്‍ വ്യക്തമാക്കി.
യഥാര്‍ഥത്തില്‍ കേന്ദ്രം അനുവദിക്കുന്ന ആ തുകയെങ്കിലും സര്‍ക്കാര്‍ കര്‍ഷകര്‍ക്ക് കൊടുത്തിരുന്നെങ്കില്‍ ഈ ആത്മഹത്യകള്‍ കേരളത്തില്‍ നടക്കുമായിരുന്നില്ല. ഈ ആത്മഹത്യ സര്‍ക്കാരിന്റെ കര്‍ഷകദ്രോഹ നയങ്ങളുടെ ഫലമായാണ്. കുട്ടനാട്ടിലും പാലക്കാട്ടും നിരവധി കര്‍ഷകര്‍ ആത്മഹത്യയുടെ വക്കിലാണെന്ന് തങ്ങള്‍ നേരത്തെ പറഞ്ഞിരുന്നതാണെന്നും സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.