Crime
ഹമാസ് തലവന്‍ ഇസ്മയില്‍ ഹനിയ്യയുടെ വീടും ആക്രമിച്ചു ഹമാസ് നാവിക സേനയുടെ ആയുധ ശേഖരവും നശിപ്പിച്ചു
ടെല്‍ അവീവ്: ഹമാസ് തലവന്‍ ഇസ്മായില്‍ ഹനിയ്യയുടെ വീടും ആക്രമിച്ചെന്ന് ഇസ്രയേല്‍ അറിയിച്ചു. ഹനിയ്യയുടെ വീടിനുനേരെ ബോംബാക്രമണം നടത്തിയെന്ന് അവകാശപ്പെട്ട് ഇസ്രയേല്‍ പ്രതിരോധസേന ഒരു വീഡിയോ പങ്കുവയ്ക്കുകയും ചെയ്തു.ഗാസയുടെ നിയന്ത്രണമുള്ള ഹമാസിന്റെ ഉന്നത നേതാവായ ഹനിയ്യ ഹമാസിന്റെ പൊളിറ്റിക്കല്‍ ബ്യൂറോ തലവനാണ്.
ഹമാസ് നേതാക്കള്‍ യോഗം ചേരുന്നതും ഇസ്രയേലിനെതിരെയുള്ള ആക്രമണം ആസൂത്രണം ചെയ്യുന്നതും ഹനിയ്യയുടെ വീട്ടിലാണെന്നാണ് ഇസ്രയേലിന്റെ വാദം. നേരത്തെ രണ്ടു തവണ ഗാസയിലെ ഹനിയയുടെ രണ്ടു വീടുകള്‍ക്കുനേരെ ഇസ്രയേല്‍ വ്യോമാക്രമണം നടത്തിയതായി ഹമാസ് ആരോപിച്ചിരുന്നു. എന്നാല്‍ ഇതാദ്യമായാണ് ഹനിയ്യയുടെ വീടിനുനേരെ വ്യോമാക്രമണം നടത്തിയെന്ന് സ്ഥിരീകരിച്ച് ഇസ്രയേല്‍ തന്നെ രംഗത്തെത്തിയത്. ഹമാസ് നാവിക സേനയുടെ ആയുധ ശേഖരവും നശിപ്പിച്ചതായി ഇസ്രയേല്‍ പ്രതിരോധ സേന അവകാശപ്പെട്ടിട്ടുണ്ട്.
