KERALA
നവകേരള യാത്രയ്ക്കായുള്ള ബസ് കാസർകോടെത്തി. പ്രക്യേത വിജ്ഞാപന പ്രകാരം ഗതാഗത അതോറിറ്റിയുടെ മാനദണ്ഡങ്ങളിൽ പ്രത്യേകം ഇളവ്

തിരുവനന്തപുരം: വിവാദം കൊഴുക്കുന്നതിനിടെ നവകേരള യാത്രയ്ക്കായുള്ള ബസ് കാസർകോടെത്തി. മാനദണ്ഡങ്ങൾ മറികടനാണ് മോട്ടോർ വാഹന വകുപ്പ് ബസിന് അനുമതി നൽകിയത്.
ഭാരത് ബെൻസിന്റെ ഒ എഫ് 1624 എന്ന മോഡൽ ഷാസി ഉപയോഗിച്ചാണ് ബസ് നിർമിച്ചിരിക്കുന്നത്. 240 കുതിരശക്തിയുള്ള 7200 സിസി എഞ്ചിനും 380 ലിറ്റർ ഇന്ധനശേഷിയും ഈ ബസിനുണ്ട്. ഏകദേശം 38 ലക്ഷം രൂപയാണ് ഷാസിയുടെ എക്സ് ഷോറൂം വില. ഓൺ റോഡ് 44 ലക്ഷം രൂപക്കടുത്തെത്തും. ഇത്തരം വാഹനങ്ങളുടെ ബോഡിയുടെ നിർമ്മാണച്ചെലവ് സൗകര്യങ്ങൾക്കനുസൃതമായി ഏറിയും കുറഞ്ഞുമിരിക്കും. മുന്നിലും പിന്നിലുമായി രണ്ട് വാതിലുകൾ. ടോയ്‌ലറ്റ് അടക്കമുള്ള സൗകര്യങ്ങളാണ് അധികമായി ഒരുക്കിയത്.25 സീറ്റുകളാണ് ബസിലുണ്ടാവുക. ഇതിനെല്ലാമായി ഏകദേശം 45 ലക്ഷത്തിനുമേലെ ചിലവുവരും.
നിലവിലെ ട്രഷറി നിയന്ത്രണങ്ങളെ വരെ മറികടന്ന് ഒരു കോടി 5 ലക്ഷം രൂപയാണ് ബസിനായി സർക്കാർ അനുവദിച്ചത്. പൂർണസൗകര്യമുള്ള യാത്രാ ബസാക്കി മാറ്റാനുള്ള ഉത്തരവാദിത്വം സർക്കാർ ഏൽപ്പിച്ചത് എസ് എം കണ്ണപ്പ എന്ന തെന്നിന്ത്യയിലെ മികച്ച ഓട്ടോ മൊബൈൽ ഗ്രൂപ്പിനെയാണ്. കർണാടകയിലെ മണ്ഡ്യയിലുള്ള കണ്ണപ്പയുടെ ഫാക്ടറിയിലാണ് ബസിന്റെ ബോഡി നിർമ്മിച്ചത്.കേരളത്തിന്റെ തനത് സാംസ്കാരിക അടയാളങ്ങളുടെ ചിത്രീകരണമാണ് ബസിന്റെ ബോഡിയിൽ.
കെഎസ് ആർടിസി എംഡി പുറപ്പെടുവിച്ച പ്രക്യേത വിജ്ഞാപന പ്രകാരം ഗതാഗത അതോറിറ്റിയുടെ മാനദണ്ഡങ്ങളിൽ പ്രത്യേകം ഇളവ് നേടി വിവിധങ്ങളായ മാറ്റങ്ങളും ബസിൽ വരുത്തിയിട്ടുണ്ട്. കോൺട്രാക് ക്യാരേജ് വാഹനങ്ങൾക്കുള്ള വെള്ള നിറം എന്ന നിബന്ധന ഈ ബസിന് ബാധമകല്ല. മുൻ നിരയിലെ ഒരു കസേരക്ക് 180 ഡിഗ്രി കറങ്ങാൻ അനുമതിയുണ്ട്. വാഹനം നിർത്തുമ്പോൾ പുറത്തുനിന്നും ജനനേറ്റർ വഴിയോ ഇൻവേർട്ടർ വഴിയോ വൈദ്യുതി നൽകാം. സർക്കാർ ആവശ്യപ്പെടുമ്പോൾ വണ്ടി വിൽക്കണമെന്നും വിജ്ഞാപനത്തിൽ പറയുന്നു. എത്തുന്നതിന് മുമ്പ് തന്നെ വിവാദങ്ങളിൽ വീണ ബസ് ഇന്ന് പ്രയാണം ആരംഭിക്കും.