Crime
മൊബൈൽ ഫോൺ കമ്പനികളുടെ പേരിലും അക്കൗണ്ടില്‍ നിന്ന് പണം തട്ടുന്നു

തിരുവനന്തപുരം: മൊബൈൽ ഫോൺ കമ്പനികളുടെ പേരിലും അക്കൗണ്ടില്‍ നിന്ന് പണം തട്ടിപ്പ് വ്യാപകമാകുന്നു. മൊബൈൽ ഫോൺ സേവന ദാതാക്കളുടെ കസ്റ്റമർ കെയറിൽ നിന്നാണെന്ന് പറഞ്ഞായിരിക്കും ഇവർ വിളിക്കുക.
ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിച്ചിരിക്കുന്ന മൊബൈൽ ഫോൺ നമ്പറിലേയ്ക്കുള്ള സേവനങ്ങൾ ചില സാങ്കേതികപ്രശ്നങ്ങൾ മൂലം നിർത്തേണ്ടിവന്നു എന്നായിരിക്കും ഇത്തരം വ്യാജ കസ്റ്റമർ കെയറിൽ നിന്ന് ലഭിക്കുന്ന സന്ദേശം. ബാങ്കിങ് സേവനങ്ങൾ മുടങ്ങുമെന്നും ഇതൊഴിവാക്കാൻ ഒരു ‘അസിസ്റ്റ് ആപ്പ്’ ഡൗൺലോഡ് ചെയ്ത് മൊബൈൽ നമ്പർ റീചാർജ് ചെയ്യാനും ആവശ്യപ്പെടും. ആപ്പ് ഡൗൺലോഡ് ചെയ്ത് ഇൻസ്റ്റാൾ ചെയ്യുമ്പോൾ ഫോൺ റീചാർജ് ചെയ്യാനെന്ന വ്യാജേന തട്ടിപ്പുകാർ സ്വകാര്യ, ബാങ്ക് അക്കൗണ്ട് വിവരങ്ങൾ ചോർത്തുകയും പണം തട്ടുകയും ചെയ്യും. ഇത്തരം തട്ടിപ്പ് കോളുകള്‍ക്കെതിരേ ജാഗ്രത പുലര്‍ത്തണമെന്ന് പൊലീസ് മുന്നറിയിപ്പ് നല്‍കി.
മൊബൈൽ സേവനദാതാക്കളോ ബാങ്ക് അധികൃതരോ അക്കൗണ്ടുമായി ബന്ധപ്പെട്ട വിവരങ്ങൾ ഫോൺ വഴി ആവശ്യപ്പെടാറില്ല. ഓൺലൈൻ തട്ടിപ്പിന് ഇരയായാൽ ഉടൻ തന്നെ വിവരം 1930 എന്ന സൈബർ പൊലീസ് ഹെൽപ്പ് ലൈൻ നമ്പറിൽ അറിയിക്കണം. ഒരു മണിക്കൂറിനകം തന്നെ ഈ നമ്പറിൽ വിവരമറിയിച്ചാൽ പണം തിരിച്ചുപിടിക്കാനുള്ള സാധ്യത കൂടുതലാണെന്നും പൊലീസ് അറിയിച്ചു”